അമ്പലപ്പുഴ: കാക്കാഴത്ത് ആക്രിക്കടക്ക് തീ പിടിച്ച് വൻ നാശനഷ്ടം. അമ്പലപ്പുഴ കാക്കാഴം അഫ്സലിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ആക്രിക്കടക്കാണ് തീ പിടിച്ചത്. സമീപത്ത് താമസിക്കുന്ന ആരോ ചപ്പുചവറിന് തീയിട്ടത് ഇവിടേക്ക് പടർന്നതാണെന്ന് കരുതുന്നു. ആക്രിക്കടയിലെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. ഇവിടെ വെച്ചിരുന്ന അജിത് എന്നയാലുടെ ഉടമസ്ഥതയിലുള്ള വള്ളവും കത്തിനശിച്ചു. ആറോളം തൊഴിലാളികൾ ജോലിക്ക് പോകുന്ന വള്ളമാണിത്.
വ്യാഴാഴ്ച രാവിലെ ജോലിക്ക് ശേഷം ഇവിടെ കയറ്റി വെച്ച വള്ളമാണ് കത്തിനശിച്ചത്. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വള്ളമുടമ പറഞ്ഞു. വലിയ രീതിയിൽ പുക ഉയർന്നതിനാൽ നാട്ടുകാർക്ക് രക്ഷാപ്രവർത്തനം അസാധ്യമായി. എങ്കിലും പ്രദേശവാസികളും അമ്പലപ്പുഴ പൊലീസുമെത്തി തീയണക്കാൻ ശ്രമിച്ചു. പിന്നീട് തകഴി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സാണ് തീ പൂർണമായും അണച്ചത്. തീ പിടിത്തത്തിൽ സമീപത്തെ അങ്കണവാടിയുടെ വാട്ടർ ടാങ്കും നിരവധി വീടുകളിലെ വേലിക്കായി ഉപയോഗിച്ച ഷീറ്റുകളും കത്തി നശിച്ചു.
content highlight : scrap-shop-destroyed-after-catching-fire