മാറ്റ് ഡാമൺ അഭിനയിച്ച പ്രശസ്ത ഹോളിവുഡ് ചിത്രമാണ് മാർഷ്യൻ. ചൊവ്വയിലെത്തുന്ന ഒരു യാത്രാസംഘത്തിലെ ഒരു വ്യക്തി ചൊവ്വയിൽ കുടുങ്ങിപ്പോകുന്നതും അവിടത്തെ ദുഷ്കരസാഹചര്യങ്ങൾ അതിജീവിച്ച് രക്ഷപ്പെടുന്നതുമാണു മാർഷ്യന്റെ പ്രമേയം. ആരിസ് 3 എന്ന ദൗത്യത്തിൽ ചൊവ്വയിലേക്കുള്ള ആദ്യ മനുഷ്യസംഘം ഇറങ്ങുന്ന സ്ഥലമായാണ് അസിഡാലിയ പ്ലാനീഷ്യ ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നത്. ചൊവ്വയുടെ വടക്കൻ സമതലങ്ങളാണ് അസിഡാലിയ പ്ലാനീഷ്യ. ഒരുപാട് ദുരൂഹമായ ചൊവ്വയിലെ ഒരിടം. ഇവിടെ ഒരു പക്ഷേ സൂക്ഷ്മജീവികളുടെ രൂപത്തിൽ ജീവനുണ്ടാകാമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ ചില വിദഗ്ധർ പറഞ്ഞിരുന്നു.
ബാഴ്സിലോണ സർവകലാശാലയിലെ ഗവേഷകരാണ് കഴിഞ്ഞ വർഷം ഇവിടെ ഗവേഷണം നടത്തിയത്. ജലം, താപനില, ഊർജം എന്നിവയുടെയൊക്കെ സമീകൃതമായ നിലയുള്ളതിനാലാണ് ഇവിടെ സൂക്ഷ്മജീവികൾ ഉണ്ടാകാൻ സാധ്യതയെന്നാണു ഗവേഷകർ കണക്കാക്കിയത്. 2021ൽ മരക്കുറ്റികളുടെ ഉപരിതലം പോലെ ഒരു ചിത്രം ചൊവ്വയിൽ നിന്ന് എക്സോമാർസ് ട്രേസ് ഗ്യാസ് ഓർബിറ്റർ എന്ന ഉപഗ്രഹം പകർത്തി. പ്ലാനീഷ്യയിൽ നിന്നായിരുന്നു ഈ ചിത്രം. ഐസ് നിറഞ്ഞു കിടക്കുന്ന ഒരു പടുകുഴിയാണ്, അസിഡാലിയയിലെ വിചിത്രമായ മരക്കുറ്റിയുടെ ഘടനയ്ക്ക് കാരണമായത്. മരക്കുറ്റികളിലെ വളയങ്ങൾ പോലുള്ള ഘടന അപൂർവമാണെന്നും ചൊവ്വാഗ്രഹത്തിനു സംബന്ധിച്ച മാറ്റങ്ങൾ വെളിവാക്കാൻ ഇതിനു കഴിയുമെന്നും അന്നു ശാസ്ത്രജ്ഞർ പ്രത്യാശ പ്രകടിപ്പിക്കുന്നു.
അതിപ്രാചീന കാലം മുതലുള്ള ഹിമം ഈ പടുകുഴിയിലുണ്ടാകാമെന്നാണു ശാസ്ത്രജ്ഞർ വിചാരിക്കുന്നത്. ചൊവ്വയിൽ ഉടലെടുക്കുന്ന വിവിധ താപനിലകൾക്കനുസരിച്ച് പടുകുഴിയിലുള്ള വസ്തുക്കൾ ചുരുങ്ങുകയും വികസിക്കുകയും ചെയ്യും. ഇതാകാം പടുകുഴിയിലെ വളയങ്ങൾ ഉടലെടുക്കാൻ കാരണമായത്.യൂറോപ്യൻ സ്പേസ് ഏജൻസി, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോമോസ് എന്നിവയുടെ സംയുക്ത ദൗത്യമാണ് എക്സോമാർസ്. ചൊവ്വയുടെ അന്തരീക്ഷം സംബന്ധിച്ചുള്ള പഠനമാണ് എക്സോമാർസ് ഓർബിറ്ററിൽ പ്രധാനമായും നിക്ഷിപ്തമായുള്ള ദൗത്യം. എന്നാൽ കളർ ആൻഡ് സ്റ്റീരിയോ സർഫസ് ഇമേജിങ് സിസ്റ്റം (കാസിസ്) എന്ന പേരിൽ ഒരു ക്യാമറ ഈ ഉപഗ്രഹത്തിലുണ്ട്.
STORY HIGHLIGHTS : acidalia-planitia-mars-tree-rings-exomars