കോട്ടയം: ഗവ. നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികൾ റാഗിങ്ങിനിരയായ സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്നും ഇരകളുണ്ടോയെന്നും പൊലീസ് അന്വേഷണം തുടങ്ങി. ജനറൽ നഴ്സിങ് ഒന്നാംവർഷ വിദ്യാർഥികളുടെ മൊഴിയെടുക്കൽ തുടങ്ങി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ അഞ്ചംഗ സമിതിയും അന്വേഷണം തുടങ്ങി. പട്ടികവിഭാഗങ്ങൾക്കുള്ള ബോയ്സ് ഹോസ്റ്റലിലാണു പീഡനം നടന്നത്. പീഡനം നടന്നത് അറിഞ്ഞില്ലെന്നും റാഗിങ്ങിനിരയായ കുട്ടികൾ നിലവിളിക്കുന്നതു കേട്ടില്ലെന്നുമാണു ഹോസ്റ്റലിലെ താൽക്കാലിക ജീവനക്കാരൻ ഹൗസ് കീപ്പർ കം സെക്യൂരിറ്റി മൊഴി നൽകിയത്. എംഎസ്‌സി നഴ്സിങ് വിദ്യാർഥികളും ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്. അസ്വാഭാവികമായി ഒന്നും നടന്നതായി അറിയില്ലെന്നാണ് അവരും പൊലീസിനോടു പറഞ്ഞത്.
കോളജ് പ്രിൻസിപ്പൽ എ.ടി. സുലേഖയാണു ഹോസ്റ്റൽ വാർഡൻ. കോളജിലെ ഒരു അധ്യാപകന് അസിസ്റ്റന്റ് വാർഡന്റെ ചുമതല നൽകിയിട്ടുണ്ട്. റാഗിങ് നടന്ന മുറിയുടെ തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന അസിസ്റ്റന്റ് വാർഡനും അസ്വാഭാവികമായൊന്നും കേട്ടിട്ടില്ലെന്നാണു മൊഴി നൽകിയത്. ഇക്കാര്യത്തിലും പൊലീസ് സംശയം പ്രകടിപ്പിക്കുന്നു. കഴിഞ്ഞ 11നു രാത്രിയിൽ ഒരു വിദ്യാർഥിയുടെ അച്ഛൻ ഹോസ്റ്റലിൽ റാഗിങ് നടക്കുന്നതായി പരാതിപ്പെട്ടെന്നും ഉടൻ കുട്ടിയിൽനിന്നു പരാതി എഴുതി വാങ്ങി ഗാന്ധിനഗർ പൊലീസിനു കൈമാറിയെന്നുമാണു പ്രിൻസിപ്പൽ സുലേഖ മൊഴി നൽകിയത്. ക്ലാസ് ടീച്ചറോടോ മറ്റ് അധ്യാപകരോടോ ഒരിക്കൽപ്പോലും കുട്ടികൾ റാഗിങ്ങിനെപ്പറ്റി പരാതി പറഞ്ഞിട്ടില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. കോളജ് അധികൃതരുടെ ഭാഗത്തു നിന്നു വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നു ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് അറിയിച്ചു.
റാഗിങ്ങിന്റെ വിഡിയോ ദൃശ്യം ആരുടെ മൊബൈൽ ഫോണിലാണു പകർത്തിയതെന്നു പൊലീസ് പരിശോധിക്കും. അറസ്റ്റിലായ 5 പേരുടെയും മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഇതു ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. 3 മാസത്തിലൊരിക്കൽ ആന്റി റാഗിങ് സെൽ യോഗം ചേരാറുണ്ടെന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണു പ്രിൻസിപ്പൽ പറയുന്നത്.
സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂർ കരുമാറപ്പറ്റ കെ.പി.രാഹുൽ രാജ് (22) ഉൾപ്പെടെ 5 സീനിയർ വിദ്യാർഥികളാണ് അറസ്റ്റിലായത്. കോട്ടയം മൂന്നിലവ് വാളകം കരയിൽ കീരിപ്ലാക്കൽ സാമുവൽ ജോൺസൺ (20), വയനാട് നടവയലിൽ പുൽപ്പള്ളി ഞാവലത്ത് എൻ.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടിൽ സി.റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് മടുക്ക നെടുങ്ങാട്ട് എൻ.വി.വിവേക് (21) എന്നിവരാണ് മറ്റു പ്രതികൾ. ഇവർ റിമാൻഡിലാണ്.