തിരുവനന്തപുരം: വാട്സാപ് വിവാദത്തെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെ കൊച്ചി വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി എംഡിയായി സർക്കാർ നിയമിച്ചു. കുറ്റപത്ര മെമ്മോയ്ക്കു മറുപടി നൽകിയതിനെ തുടർന്ന് ഗോപാലകൃഷ്ണന് എതിരെയുള്ള അച്ചടക്ക നടപടി പിൻവലിക്കാമെന്നു ചീഫ് സെക്രട്ടറി സർക്കാരിനു ശുപാർശ നൽകിയിരുന്നു. അഡിഷനൽ സെക്രട്ടറിയുടെ തുല്യ ചുമതലയാണ് നൽകിയിരിക്കുന്നത്. കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടറുടെ അധികച്ചുമതലയും വഹിക്കും.
തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് മാതൃശിശു വികസന വകുപ്പിന്റെ അധികച്ചുമതലയിൽ തുടരും. ഗതാഗത സ്പെഷൽ സെക്രട്ടറി പി.വി.നൂഹിന് സിവിൽ സപ്ലൈസ് കോർപറേഷന്റെ അധികച്ചുമതല നൽകി. ഫോർട്ട്കൊച്ചി സബ് കലക്ടർ കെ.മീരയ്ക്ക് എറണാകുളം ജില്ലാ വികസന കമ്മിഷണറുടെ അധികച്ചുമതല കൈമാറി. ലാൻഡ് റവന്യു കമ്മിഷണർ എ.കൗശികന് തുറമുഖ സ്പെഷൽ സെക്രട്ടറിയുടെ അധികച്ചുമതല നൽകി. പരിസ്ഥിതി സ്പെഷൽ സെക്രട്ടറിയുടെ അധികച്ചുമതല വ്യവസായ ഡയറക്ടർ മിർ മുഹമ്മദ് അലിക്കു നൽകി.