ഇംഫാൽ: രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന് പിന്നാലെ മണിപ്പുരില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഇംഫാല്‍ താഴ്‍വരയില്‍ തീവ്ര മെയ്തെയ് സംഘടനകൾ പ്രതിഷേധിക്കുമെന്ന സൂചനകള്‍ ശക്തമാണ്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയുടെ നേതൃത്വത്തില്‍ സുരക്ഷാ അവലോകന യോഗം ചേര്‍ന്നു. നിയമസഭ താല്‍ക്കാലികമായി മരവിപ്പിച്ചുനിര്‍ത്തിയിരിക്കുന്നതിനാല്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് എപ്പോള്‍ വേണമെങ്കിലും പുതിയ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും അധികാരമേല്‍ക്കാം. എന്നാൽ രാഷ്ട്രപതിഭരണത്തിന്‍റെ കാലയളവില്‍ എംഎല്‍എമാര്‍ക്കിടയില്‍ സമവായമുണ്ടാക്കി പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുക എന്നത് ബിജെപിക്ക് വലിയ വെല്ലുവിളിയാണ്.
ഇന്നലെയാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ്ങിന്റെ രാജിയെ തുടർന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. നിയമസഭാ സമ്മേളനം ചേരാനുള്ള സമയപരിധിയും ഇന്നലെ അവസാനിച്ചിരുന്നു. തുടർന്നാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
മണിപ്പൂർ കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ബിരേൻ സിങ്ങിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയോട് അതൃപ്തിയുള്ള ബിജെപി എംഎൽഎമാരും അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന റിപ്പോർട്ട് വന്നതോടെയാണ് ബിരേൻ സിങ് പടിയിറങ്ങിയത്. ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് ബിരേൻ സിങ് രാജിവെച്ചത്.