ഇടുക്കി: ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന പടയപ്പയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി വനംവകുപ്പ്. ആനയുടെ സാന്നിധ്യം മുൻകൂട്ടിയറിഞ്ഞ് വിവരം ജനങ്ങൾക്ക് കൈമാറാനാണ് ശ്രമം. പടയപ്പ മദപ്പാടിലായതോടെയാണ് മുൻകരുതലെന്ന രീതിയിൽ വനംവകുപ്പിന്റെ നീക്കം. മദപ്പാടിലായതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടയപ്പ ആക്രമ സ്വഭാവം കാട്ടുന്നുണ്ടെന്നാണ് വനം വകുപ്പിൻ്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം മൂന്നാര്‍ മറയൂര്‍ റോഡില്‍ നിലയുറപ്പിച്ച ആനയുടെ മുന്നിൽ നിന്ന് തലനാരിഴക്കാണ് ബൈക്ക് യാത്രക്കാർ രക്ഷപെട്ടത്. ഇതിന് പിന്നാലെയാണ് ആനയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
അഞ്ച് പേരടങ്ങുന്ന സംഘം രാത്രിയും പകലും ആനയെ നിരീക്ഷിക്കും. ആനയുടെ സാന്നിധ്യം മുൻകൂട്ടിയറിഞ്ഞ് വിവരം പ്രദേശവാസികൾക്ക് കൈമാറാനാണ് വനംവകുപ്പിന്റെ ശ്രമം. വിനോദ സഞ്ചാരികളടക്കം നിരവധിപേർ കടന്ന് പോകുന്ന മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിലും ജലവാസമേഖലകളിലും ആനയെത്തുന്നതാണ് പ്രതിസന്ധിയാകുന്നത്. കഴിഞ്ഞ വര്‍ഷവും സമാനമായ സാഹചര്യത്തിൽ പടയപ്പയുടെ പരാക്രമമുണ്ടായിരുന്നു.