ദിവസവും രാവിലെ ചൂട് നാരങ്ങാവെള്ളം കുടിക്കുന്ന ശീലം അടുത്തിടെ ഏറെ പ്രചാരം നേടിയ ഒന്നാണ്. ദഹനം മെച്ചപ്പെടുത്തുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങളാണ് ഇതിനുള്ളത്. ദിവസവും രാവിലെ ചൂട് നാരങ്ങാവെള്ളം കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും എന്നറിയാം.
നാരങ്ങയിലടങ്ങിയ വൈറ്റമിൻ സി ആരോഗ്യകരമായ ചർമം പ്രദാനം ചെയ്യും. നാരങ്ങയിലെ ആന്റിഓക്സിഡന്റുകൾ ചർമത്തിനുണ്ടാകുന്ന ക്ഷതം തടയുകയും കൊളാജന്റെ ഉൽപാദനത്തിന് സഹായിക്കുകയും ചെയ്യും. ചർമത്തിലുണ്ടാകുന്ന പാടുകളും ചുളിവുകളും അകറ്റും.
ഇളംചൂടുള്ള നാരങ്ങാവെള്ളം വിശപ്പ് അകറ്റാൻ സഹായിക്കും. ഇതുമൂലം ഭക്ഷണം നിയന്ത്രിക്കാനും സാധിക്കും. അനാവശ്യമായി ലഘുഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാക്കാനും ഇതുമൂലം സാധിക്കും.
ദഹനത്തിന് സഹായകം. ദഹനക്കേടും വയറു കമ്പിക്കലും ഉള്ളവർക്ക് ചൂട് നാരങ്ങാവെള്ളം കുടിക്കുന്നത് ആശ്വാസമേകും. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ദിവസവും ചൂട് നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
നാരങ്ങാവെള്ളം അമ്ലഗുണമുള്ളതാണ്. പിഎച്ചിന്റെ അളവ് നിയന്ത്രിക്കാൻ നാരങ്ങാവെള്ളം സഹായിക്കും. ഊർജനില, ശരീരഭാരം, സൗഖ്യം ഇവയ്ക്കെല്ലാം പിഎച്ചിന്റെ സന്തുലനം ആവശ്യമാണ്. ആരോഗ്യം നിലനിർത്താൻ ഇത് സഹായിക്കുന്നു. ചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിലെ ജലാംശത്തിന്റെ അളവ് വർധിപ്പിക്കും.
രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ ഇത് സഹായിക്കും. വൈറ്റമിന്‍ സിയുടെ പതിവായ ഉപയോഗം ജലദോഷവും മറ്റ് അണുബാധകളും അകറ്റുന്നു.
ഇത്രയും ഗുണങ്ങളുണ്ടെങ്കിലും വെറുംവയറ്റിൽ നാരങ്ങവെള്ളം കുടിക്കുന്നത് അത്ര നല്ല പ്രവണതയല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്ത ശേഷം നാരങ്ങവെള്ളം കുടിക്കുന്നതാണ് നല്ലത്.