Kerala

ആറാം ക്ലാസുകാരനെ ചൂരല്‍കൊണ്ട് മര്‍ദ്ദിച്ചു, കാലുപിടിക്കാന്‍ ആവശ്യപ്പെട്ടു; അധ്യാപകനെതിരെ കേസ്

തിരുവനന്തപുരം: വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്. ജെബിനെതിരെ ജുവനെയില്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെ മാതാപിന്റെ പരാതിയിലാണ് കേസെടുത്തത്.

കഴിഞ്ഞ പത്താം തീയതിയാണ് സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ സെബിന്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ചത്. സ്റ്റാഫ് റൂമില്‍ വെച്ച് ചൂരല്‍കൊണ്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. അധ്യാപകനെ കളിയാക്കിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ക്രൂരമായി മര്‍ദ്ദിച്ചെന്നും കാലുപിടിച്ച് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.

മര്‍ദ്ദനം നിര്‍ത്താതെ തുടര്‍ന്നപ്പോള്‍ മറ്റ് അധ്യാപകര്‍ ഇടപെട്ട് തടഞ്ഞെന്നും പിന്നീട് രണ്ട് വട്ടം കൂടി വിളിപ്പിച്ച് മര്‍ദ്ദിച്ചെന്നും വിദ്യാര്‍ത്ഥി പറയുന്നു. പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് കുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു.