വാഷിങ്ടണ്‍ ഡിസി: പരസ്പര സഹകരണത്തിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി – ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ് അറിയിച്ചു. നിലവിൽ അമേരിക്കയിലെ അതീവ സുരക്ഷാ ജയിലിൽ കഴിയുകയാണ് തഹാവൂർ റാണ. റാണയെ കൈമാറണമെന്ന് വർഷങ്ങളായി ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്.
“26/11 മുംബൈ ഭീകരാക്രമണത്തിലെ വളരെ അപകടകാരിയായ ആളെ ഞങ്ങൾ ഇന്ത്യക്ക് കൈമാറുകയാണ്”- ട്രംപ് പറഞ്ഞു. ഭീകരാക്രമണ കേസ് പ്രതിയെ കൈമാറാനുള്ള അമേരിക്കയുടെ നിലപാടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. റാണയെ കൈമാറുന്നത് സ്ഥിരീകരിച്ച ട്രംപിന് നന്ദി അറിയിച്ചു. മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളിയെ ഇന്ത്യയിൽ ചോദ്യം ചെയ്യുന്നതിനും വിചാരണ ചെയ്യുന്നതിനുമായുള്ള നടപടികൾ വേഗത്തിലാക്കിയതിന് പ്രസിഡന്‍റ് ട്രംപിന് നന്ദിയെന്നാണ് മോദി പറഞ്ഞത്.
തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂർ റാണ സമർപ്പിച്ച ഹർജി നേരത്തെ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. തഹാവൂർ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ ഏറെക്കാലമായി സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു.
പാകിസ്ഥാൻ വംശജനായ വ്യവസായിയാണ് തഹാവൂർ റാണ. 2008 നവംബർ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരനെ ഇനി ഇന്ത്യൻ അന്വേഷണ ഏജൻസികൾ ചോദ്യംചെയ്യും. ഇന്ത്യയിൽ വിചാരണയും നടത്തും. പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളുമായും അവരുടെ നേതാക്കളുമായും റാണ ബന്ധപ്പെട്ടിരുന്നുവെന്നും ഗൂഢാലോചന നടത്തിയവരിൽ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും ഉൾപ്പെടുന്നുവെന്നുമാണ് കണ്ടെത്തൽ. ഹെഡ്‌ലി നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. 64 കാരനായ തഹാവൂർ റാണ നിലവിൽ ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്.