പാലക്കാട്: കോണ്‍ഗ്രസും ബിജെപിയും വിട്ടുനിന്നതോടെ എലപ്പുള്ളി പഞ്ചായത്തില്‍ സിപിഐഎമ്മിന്റെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തില്ല. 11 അംഗങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കൂ. എല്‍ഡിഎഫിന്റെ എട്ട് അംഗങ്ങള്‍ മാത്രമാണ് എത്തിയത്. ഇതോടെ ക്വാറം തികയാതെ വരികയും അവിശ്വാസ നീക്കം പാളുകയുമായിരുന്നു.
അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടു നിന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി പ്രതികരിച്ചു. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായാണ് ഇരു പാര്‍ട്ടികളും അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടുനിന്നതെന്ന് സിപിഐഎം ആരോപിച്ചു.
പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസിന്റെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെയായിരുന്നു സിപിഐഎം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് കാരണം പഞ്ചായത്ത് വികസന മുരടിപ്പിലൂടെയാണ് കടന്ന് പോകുന്നതെന്നും, അഴിമതി കാരണം ജനങ്ങള്‍ക്ക് പഞ്ചായത്ത് തല സേവന കാര്യക്ഷമമായി കിട്ടുന്നില്ലെന്നുമാണ് സിപിഐഎം ആരോപണം. 22 അംഗങ്ങളുള്ള പഞ്ചായത്തില്‍ സിപിഐഎമ്മിന് 8 ഉം കോണ്‍ഗ്രസിന് ഒമ്പതും ബിജെപിക്ക് അഞ്ചും അംഗങ്ങളാണുള്ളത്.