Tech

ഇൻസ്റ്റ​ഗ്രാമിൽ കൗമാരക്കാർക്കായി ‘ടീൻ അക്കൗണ്ട്’ അവതരിപ്പിച്ചു; ഫീച്ചറിനെക്കുറിച്ച് കൂടുതൽ അറിയാം !

പ്രായഭേദമന്യേ ഇപ്പോൾ കുട്ടികളടക്കം എല്ലാവരും ഉപയോ​ഗിക്കുന്ന സാമുഹിക മാധ്യമമാണ് ഇൻസ്റ്റ​ഗ്രാം. റെസ്ട്രിക്ഷൻസ് ഉണ്ടെങ്കിലും എല്ലാത്തരം ഉള്ളടക്കങ്ങളും ഇൻസ്റ്റയിൽ ലഭിക്കും. കൂടാതെ കുട്ടികൾക്കിടയിൽ ഇൻസ്റ്റ​ഗ്രാമിന്റെ ഉപയോ​ഗവും അധികമാണ്. അതുകൊണ്ട് തന്നെ ഇവരിൽ ഒരു നിയന്ത്രണം കൊണ്ടുവരാൻ പോകുകയാണ് മെറ്റ.

ഇൻസ്റ്റ​ഗ്രാം ലോകമെമ്പാടും നടപ്പിലാക്കിയ ‘ടീൻ അക്കൗണ്ട്’ നിയന്ത്രണം ഇന്ത്യയിലും ഉടൻ കൊണ്ടുവരാനിരിക്കുകയാണ്. 16 വയസ്സോ അതിന് താഴെയുള്ള കുട്ടികളെയോ ലക്ഷ്യമിട്ടാണ് ടീൻ അക്കൗണ്ട് ഇൻസ്റ്റ​ഗ്രാം അവതരിപ്പിച്ചത്. നിയന്ത്രിതവും ആരോഗ്യകരവുമായ ആപ്പ് ഉപയോഗം, സുരക്ഷ തുടങ്ങിയവ മുൻനിർത്തിയാണ് ഈ സൗകര്യം ഇൻസ്റ്റ​ഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.

ടീൻ അക്കൗണ്ടുകൾക്ക് നിരവധി സവിശേഷതകളുണ്ട്. ഈ അക്കൗണ്ടുകൾ തുടക്കത്തിലേ പ്രൈവറ്റ് ആകും എന്നുള്ളതാണ് ഒന്ന്. ഫോളോ റിക്വസ്റ്റ് അയച്ച ശേഷം, അപ്രൂവ് ആക്കിയാൽ മാത്രമേ ഈ അക്കൗണ്ടുകൾ കാണാൻ സാധിക്കൂ. ഇത് 16 വയസിന് താഴെയുളള കുട്ടികൾക്ക് സുരക്ഷ നൽകുമെന്ന് ഇൻസ്റ്റ​ഗ്രാം വിലയിരുത്തുന്നു.

മറ്റൊരു സവിശേഷത ഏത് തരം കണ്ടന്റുകൾ കുട്ടികൾക്ക് കാണാൻ സാധിക്കും എന്നതിലാണ്. അശ്ലീലം, വയലൻസ്, പ്രൊമോഷൻ പോസ്റ്റുകൾ തുടങ്ങിയവ ‘ടീൻ അക്കൗണ്ടി’ൽ ഉണ്ടാകില്ല. മാത്രമല്ല, ഇവരെ ഫോളോ ചെയ്യുന്നവർക്ക് മാത്രമേ ടാഗ് ചെയ്യാനും മറ്റും സാധിക്കുകയുള്ളൂ. മോശം കമന്റുകൾ താനെ ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യും.

ടീൻ ഫീച്ചറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം കുട്ടികളുടെ ഇൻസ്റ്റ​ഗ്രാം ആക്ടിവിറ്റി മാതാപിതാക്കൾക്ക് കാണാൻ സാധിക്കും എന്നതാണ്. കുട്ടികൾ ആരോട് സംസാരിക്കുന്നു, ആരുമായി ഇടപഴകുന്നു, എന്ത് കാണുന്നു തുടങ്ങിയവയെല്ലാം മാതാപിതാക്കൾക്ക് അറിയാൻ സാധിക്കും.

ടീൻ അക്കൗണ്ടുകളിൽ ഈ ഫീച്ചർ ഡിഫോൾട്ട് ആയി ഉണ്ടാകുമെന്നതിനാൽ മാതാപിതാക്കളുടെ അനുമതി ഇല്ലാതെ അക്കൗണ്ട് ഉടമകൾക്ക് അത് മാറ്റാനാകില്ല. മാത്രമല്ല, കുട്ടികൾ ഇൻസ്റ്റ​ഗ്രാം ഉപയോഗിക്കേണ്ട സമയം തുടങ്ങിയവയും മാതാപിതാക്കൾക്ക് സെറ്റ് ചെയ്യാൻ സാധിക്കും. ആപ്പ് ഉപയോഗം കൂടുകയാണെങ്കിൽ മുന്നറിയിപ്പ് സംവിധാനവും മറ്റും ടീൻ അക്കൗണ്ടിലുണ്ടാകും.