ആലപ്പുഴ: ജാമ്യമില്ലാ കേസില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് എച്ച് സലാം എംഎല്‍എ. ആലപ്പുഴ പൊലീസ് റിസോര്‍ട്ട് ഉടമയ്ക്ക് കീഴടങ്ങിയെന്നും പൊലീസ് നടപടിയില്‍ അസ്വഭാവികതയുണ്ടെന്നും എംഎല്‍എ ആരോപിച്ചു. അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെയെന്നും മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്നും എച്ച് സലാം വ്യക്തമാക്കി.
‘എന്നോട് ഒരു റിപ്പോര്‍ട്ട് പോലും ചോദിക്കാതെയാണ് ജാമ്യമില്ല വകുപ്പ് ചുമത്തിയത്. പൊതുമരാമത്ത് എഞ്ചിനീയര്‍ക്കെതിരെ കേസെടുത്ത രീതി അസാധാരണം. സാധാരണക്കാര്‍ക്ക് വേണ്ടി നിന്നതില്‍ അഭിമാനമുണ്ട്. ആലപ്പുഴ പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. പൊലീസിന്റെ നടപടി സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ്’, അദ്ദേഹം പറഞ്ഞു.
സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ പൊളിച്ചതിനാണ് എച്ച് സലാം എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. പൊതുവഴി വീതികൂട്ടുന്നതിന് നോട്ടീസ് നല്‍കിയിട്ടും പൊളിക്കാതിരുന്ന പള്ളാത്തുരുത്തിയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ മതിലാണ് എംഎല്‍എയുടെ നേതൃത്വത്തിൽ പൊളിച്ചത്. തുടര്‍ന്ന് എച്ച് സലാമിനെ ഒന്നാംപ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം നാലുപേര്‍ക്കെതിരെ സൗത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.
ഡിസംബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യ റിസോർട്ടിൻ്റെ മതില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ പൊളിച്ചുവെന്നാണ് പരാതി. എ സി റോഡില്‍ പള്ളാത്തുരുത്തി പാലത്തിനു സമീപത്തുനിന്ന് കിഴക്കുഭാഗത്തേക്കുള്ള റോഡ് ബലപ്പെടുത്താനും വീതി കൂട്ടാനുമായി മതില്‍ പൊളിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് പലതവണ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കാതെ വന്നതോടെയാണ് മതില്‍ പൊളിക്കേണ്ടിവന്നതെന്നാണ് സലാം പറയുന്നത്.