ഹൈദരാബാദ് : വാലന്റൈൻസ് ദിനത്തിൽ പ്രണയാഭ്യാർഥന നിരസിച്ചതിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആന്ധ്രാപ്രദേശിലെ പേരമ്പള്ളിയിലാണ് സംഭവം. 23 വയസ്സുള്ള ആന്ധ്രാ സ്വദേശിനി ഗൗതമിയെയാണ് ആക്രമിച്ചത്. സംഭവത്തിൽ പെൺകുട്ടിയെ സ്ഥിരമായി ശല്ല്യം ചെയ്തിരുന്ന ഗണേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം കാദിരി റോഡിൽ ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു ഗൗതമി.
ഏപ്രിൽ 29 ന് ശ്രീകാന്ത് എന്ന യുവാവുമായി ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു ഗൗതമി. എന്നാൽ ഗൗതമിയുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞിട്ടും ഗണേഷ് യുവതിയെ സ്ഥിരമായി ശല്യം ചെയ്യുകയായിരുന്നു. നിരന്തരം ഗൗതമിയെ ഗണേഷ് പിന്തുടർന്നു. ഗണഷിന്റെ പ്രണയം ഗൗതമി ആദ്യമേ തന്നെ നിരസിച്ചിരുന്നു. ഇത് ഗണേഷിനെ പ്രകോപിപ്പിച്ചു. വാലന്റൈൻസ് ദിനത്തിലും ഗണേഷ് വീണ്ടും തന്റെ പ്രണയം ഗൗതമിയെ അറിയിച്ചു. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ ഗൗതമി പ്രണയാഭ്യർഥന വീണ്ടും നിരസിക്കുകയായിരുന്നു.
തുടർന്ന് ഗൗതമിയെ കൊല്ലാൻ പ്രതി വ്യക്തമായ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇത് അനുസരിച്ച് ഗൗതമിയുടെ മാതാപിതാക്കൾ പാൽ വാങ്ങാൻ പോയ സമയം നോക്കി പ്രതി ഗൗതമിയുടെ വീട്ടിലെത്തി. ഗൗതമിയെ കണ്ടുടൻ തന്നെ കത്തി കൊണ്ട് കുത്തി വീഴ്ത്തുകയും ശേഷം കൈയ്യിൽ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തൊഴിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ ഗൗതമി നിലവിൽ ചികിത്സയിലാണ്.