നരേന്ദ്രമോദി സര്‍ക്കാരിന്റെ ചെറുകിട വ്യാപാര വിരുദ്ധ നയങ്ങള്‍ക്കെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നു. ഈ മാസം 18നാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. പ്രധാനമായും നാല് ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വെച്ചാണ് കെ.വി.വി.ഇ.എസ് മാര്‍ച്ച്. വിദേശി -സ്വദേശി കുത്തകകളില്‍ നിന്ന് ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, ഓണ്‍ലൈന്‍ വ്യാപാരത്തിന്മേല്‍ സെസ് ഏര്‍പ്പെടുത്തുക, വാടകക്കുമേലുള്ള ജി.എസ്.ടി യില്‍ നിന്ന് വ്യാപാരികളെ പൂര്‍ണമായും ഒഴിവാക്കുക, ജി.എസ്.ടി കൗണ്‍സില്‍ തീരുമാനങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തതിനു ശേഷം മാത്രം നടപ്പാക്കുക.
ന്യൂ ഡല്‍ഹി ജന്തര്‍ മന്ദിറില്‍ നടത്തുന്ന മാര്‍ച്ച് കെ.സി വേണുഗോപാല്‍ എം.പി ഉത്ഘാടനം ചെയ്യും. വിദേശ കുത്തകകളുടെ കടന്നുവരവും സ്വദേശ കുത്തകകളുടെ ആധിപത്യവും രാജ്യത്തെ പരമ്പരാഗത ചില്ലറ വ്യാപാര മേഖലയെ വലിയ തോതില്‍ തളര്‍ത്തിയിരിക്കുകയാണ്. മികച്ച മൂലധന പിന്തുണയും മാനേജുമെന്റ് വൈദഗധ്യവുമുള്ള കുത്തകകള്‍ക്ക് മുന്‍പില്‍ അസംഘടിതരായ ചെറുകിട വ്യാപാരികള്‍ക്ക് പിടിച്ചുനില്‍ക്കാനാവുന്നില്ല. ഇപ്പോള്‍ സ്വദേശ കുത്തകകളെ കൂടി നേരിടേണ്ട ഗതികേടിലാണ് വ്യാപാരികള്‍. പ്രത്യേകിച്ച് ഇലക്ട്രോണിക്‌സ്, ജ്വലറി, വസ്ത്രവ്യാപാര മേഖലകളില്‍. ഓണ്‍ലൈന്‍ ഭീമന്മാരായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും ഉയര്‍ത്തുന്ന വെല്ലുവിളികളും ചെറുതല്ല.
ഗ്രാമീണ മേഖലകളില്‍ കൂടി അവര്‍ ആധിപത്യം ഉറപ്പിക്കുന്നു. അവര്‍ക്ക് കടവേണ്ട, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് വേണ്ട, സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യണ്ട, കയറ്റിയിറക്കു ചിലവുകളില്ല, തൊഴില്‍ നികുതികളില്ല. എല്ലാം ലാഭം മാത്രം. പക്ഷെ പരമ്പരാഗത വ്യാപാരികള്‍ക്കു ഇതെല്ലം ബാധകമാണ്. എന്നിട്ടും അവര്‍ക്കു സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ചെറുകിട വ്യാപാരമേഖലയെ ആശ്രയിച്ചു ജീവിക്കുന്ന അഞ്ചു കോടിയോളം കച്ചവടക്കാരുടെ നിലനില്‍പ്പ് അപകടത്തിലാണ്. രാജ്യത്തെ മൊത്തം ദേശീയ വരുമാനത്തിന്റെ 20 ശതമാനവും മൊത്തം തൊഴില്‍ ശക്തിയുടെ 14 ശതമാനവും ചില്ലറ വ്യാപാര മേഖലയുടേതാണെന്നും കാര്‍ഷിക മേഖല കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം തൊഴില്‍ പ്രദാനം ചെയ്യുന്നത് ഈ മേഖലയാണെന്നുമുള്ള വസ്തുതകള്‍ സര്‍ക്കാര്‍ ബോധപൂര്‍വം മറക്കുന്നു.
ഇതിനൊരു പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ടു നിരോധനവും, ജി.എസ്.ടിയും രാജ്യത്തെ ചെറുകിട വ്യാപാരികളുടെ നട്ടെല്ലൊടിച്ചിട്ടുണ്ട്. അടുത്തിടെ കെട്ടിട വാടകയ്ക്കുമേലുള്ള ജി.എസ്.ടി. വ്യാപാരികളുടെ തലയില്‍ കെട്ടിവെച്ചു. ഇത് പ്രകാരം വാടക കൈപ്പറ്റുന്ന കെട്ടിട ഉടമയ്ക്ക് രജിസ്‌ട്രേഷന്‍ ഇല്ലെങ്കില്‍ വാടകയിന്മേല്‍ വ്യാപാരി 18ശതമാനം ജി.എസ്.ടി അടയ്ക്കണം. ഇതിനെതിരെ നിരവധി സമര പരിപാടികള്‍ സംഘടിപ്പിച്ചതിനെ തുടര്‍ന്ന് നടപടി ഭാഗീകമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായി. കഴിഞ്ഞ പത്തു വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റുകള്‍ പരിശോധിച്ചാല്‍ ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസകരമായ ഒന്നുമില്ല. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്കു വലിയ നികുതി ഇളവുകളും ആനുകൂല്യങ്ങളും നല്‍കി.
കോര്‍പ്പറേറ്റ് നികുതിയില്‍ വെട്ടിക്കുവു നടത്തിയതോടെ ആറ് ലക്ഷം കോടിരൂപയുടെ കുറവാണു സര്‍ക്കാരിനുണ്ടായത്. ഇതിനു പുറമെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കോര്‍പ്പറേറ്റ് കമ്പനികളുടെ 10 ലക്ഷം കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്. മറ്റൊരു കാര്യം കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്തെ നേരിട്ടുള്ള നികുതി വരുമാനത്തിന്റെ ഘടനയില്‍ വലിയ മാറ്റമുണ്ടായി. അതുവരെ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിരുന്ന കോര്‍പ്പറേറ്റ് നികുതി രണ്ടാം സ്ഥാനത്തേക്ക് മാറി ആ സ്ഥാനത്തു ആദായനികുതി കടന്നുവന്നു. ഇക്കഴിഞ്ഞ ബജറ്റ് അനുസരിച്ച് കേന്ദ്രത്തിന്റെ മൊത്തം നികുതിയുടെ 22 ശതമാനം ആണ് ആദായനികുതി. കോര്‍പ്പറേറ്റ് നികുതി ആകട്ടെ 18ശതമാനം മാത്രമാണ്.
എന്തുകൊണ്ടാണ് കോര്‍പ്പറേറ്റ് നികുതി ഇത്രകണ്ട് കുറയുന്നത് എന്നതിന് ഒറ്റ ഉത്തരമേ ഉള്ളൂ, കേന്ദ്രം നല്‍കുന്ന നികുതി ഇളവുകളും മറ്റു കോര്‍പ്പറേറ്റ് പ്രീണന സമീപനങ്ങളുമാണ്. ഇതിനെതിരേയാണ് ചെറികിടച മേഖലയിലെ പ്രതിഷേധ ശബ്ദം ഉയര്‍ന്നു തന്നെ നില്‍ക്കണം. അതിനുകൂടിയാണ് ഈ മാര്‍ച്ച്. ഡെല്‍ഹിയില്‍ നടക്കുന്ന മാര്‍ച്ചില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര അധ്യക്ഷനാകും. ഭാരതീയ ഉദ്യോഗ വ്യാപാര മണ്ഡല്‍ ദേശീയ പ്രസിഡന്റ ബാബുലാല്‍ ഗുപ്ത മുഖ്യ പ്രഭാഷണം നടത്തും. കേരളത്തില്‍ നിന്നുള്ള എം.പി മാര്‍, ഭാരതീയ ഉദ്യോഗ് വ്യാപാര മണ്ഡല്‍ ദേശീയ നേതാക്കള്‍, വ്യാപാര വ്യവസായ ഏകോപന സമിതിയുടെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്‌റ് പി. കുഞ്ഞാവു ഹാജി, സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസിയ മേച്ചേരി, സംസ്ഥാന ട്രെഷറര്‍ എസ്. ദേവരാജന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കെ. വി. അബ്ദുല്‍ ഹമീദ് തുടങ്ങിയ സംസ്ഥാന നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.
CONTENT HIGH LIGHTS; Centre’s anti-business policies have left small traders reeling: KVVES Parliament March 18, demanding protection of small traders from foreign-domestic monopolies