നെടുമങ്ങാട് വാളയറ സെറ്റിൽമെന്റിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് അവർ താമസിച്ചു വരുന്ന കൈവശഭൂമി റീസർവ്വേ ചെയ്ത് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നെടുമങ്ങാട് തഹസിൽദാർക്ക് നിർദ്ദേശം നൽകി. ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമിയിൽ വനംവകുപ്പ് ജണ്ടകൾ സ്ഥാപിച്ച് കൃഷിഭൂമി കൈക്കലാക്കുന്നുവെന്ന പരാതിയിലാണ് ഉത്തരവ്.
തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരുത്തിപ്പള്ളി റെയ്ഞ്ചിൽ ഉൾപ്പെട്ട വാളയറ സെറ്റിൽമെന്റിൽ പരാതിക്കാരൻ താമസിക്കുന്ന സ്ഥലം പൂർണമായും വനത്താൽ ചുറ്റപ്പെട്ട സ്ഥലമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വിതുര സെക്ഷൻ പരിധിയിൽ വരുന്ന സെറ്റിൽമെന്റ് ഭൂമികൾ സർവ്വേ ചെയ്ത് കല്ലിട്ട് തിരിച്ചിട്ടുള്ളതാണ്. 2019-20 കാലത്ത് വാളയറ സെറ്റിൽമെന്റിൽ ജണ്ട നിർമ്മാണം ആരംഭിച്ചെങ്കിലും പരാതിക്കാരൻ ഉൾപ്പെടെയുള്ളവർ തടസപ്പെടുത്തിയതിനാൽ ജണ്ട നിർമ്മാണം നിർത്തിവച്ചു.
പരാതിക്കാരന്റെ ഉൾപ്പെടെയുള്ളകൈവശഭൂമി റീസർവ്വെ ചെയ്ത് വനാതിർത്തി നിർണയിക്കുന്നതിന് നെടുമങ്ങാട് താലൂക്ക് ഓഫീസിൽ കത്ത് നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഇവിടത്തെ സ്ഥിരതാമസക്കാർക്ക് ത്രിതല പഞ്ചായത്തിൽ നിന്നോ പട്ടികവർഗവികസന വകുപ്പിൽ നിന്നോ വീടോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നതിന് വനംവകുപ്പ് തടസം നിന്നിട്ടില്ല. സെറ്റിൽമെന്റിലേക്ക് വൈദ്യുതിയും വാഹനയോഗ്യമായ വഴിയും ലഭ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നെടുമങ്ങാട് തഹസിൽദാർ കക്ഷികൾക്ക് നോട്ടീസ് നൽകിയ ശേഷം കൈവശാവകാശ ഭൂമി റീസർ വെ ചെയ്യണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. കല്ലാർ വാളയറ എം. ഈച്ചുക്കുട്ടികാണി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
CONTENT HIGH LIGHTS;Occupied land to be measured in Walayara Settlement Colony: Human Rights Commission