തിരുവനന്തപുരം: കണ്ണൂർ വിമാനത്താവള റൺവെ വികസനത്തിന് ഭൂമി വിട്ടുനൽകിയവരുടെ പരാതികളിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. പ്രതിസന്ധി ചർച്ച ചെയ്യാൻ ഈ മാസം ഇരുപതിന് മുഖ്യമന്ത്രി ഉദ്യോഗസ്ഥതല യോഗം വിളിച്ചു. എട്ട് വർഷമായിട്ടും നഷ്ടപരിഹാരം കിട്ടാതായതോടെ ദുരിതത്തിലായവരെക്കുറിച്ചുളള സ്വകാര്യ ചാനലിന്റെ വാർത്തയ്ക്ക് പിന്നാലെയാണ് ഇടപെടൽ.
റൺവെ നാലായിരം മീറ്ററാക്കാൻ സർക്കാരിന് ഭൂമി വിട്ടുനൽകിയവരാണ് പ്രതിസന്ധിയിലായത്. മട്ടന്നൂർ കീഴല്ലൂരിലെ ഇരുനൂറിലധികം കുടുംബങ്ങൾക്കാണ് വിജ്ഞാപനമിറങ്ങി എട്ട് വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം കിട്ടാത്തത്. ഭൂമി ഒന്നും ചെയ്യാനാകാതെ കഷ്ടത്തിലാണ് ഇവർ. ചികിത്സാ ചെലവിന് പോലും വഴിയില്ലെന്ന് മാത്രമല്ല, ജപ്തി ഭീഷണിയും നേരിടുകയാണ് ഈ കുടുംബങ്ങൾ. സർക്കാർ വാക്ക് വിശ്വസിച്ചൊടുവിൽ ദുരിത റൺവെയിലായവരുടെ ജീവിതം ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഇടപെടൽ വരുന്നത്. നഷ്ടപരിഹാരം വൈകുന്നതിന്‍റെ പ്രതിസന്ധിയും പുനരധിവാസവും ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഈ മാസം ഇരുപതിന് ഓൺലൈനായി യോഗം ചേരും. വകുപ്പ് സെക്രട്ടറിമാരും ജില്ലാ കളക്ടറും പങ്കെടുക്കും. ഭൂമി ഏറ്റെടുക്കാൻ വേണ്ടത് ആയിരത്തിലധികം കോടി രൂപയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത് കണ്ടെത്തുകയെന്നാണ് സർക്കാർ നേരിടുന്ന വെല്ലുവിളി. അതിലെന്തെങ്കിലും തീരുമാനമുണ്ടാകുമോ എന്നറിയണം. റൺവെ വികസനവുമായി മുന്നോട്ടുപോകുമെന്നും പണം കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും, സി പി എം ജില്ലാ സമ്മേളനത്തിൽ വിഷയം ചർച്ചയായപ്പോൾ മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. റൺവേ നാലായിരം മീറ്ററാക്കാൻ സമരം ചെയ്ത സി പി എമ്മിന്‍റെ സർക്കാർ തന്നെ ഭൂമി വിട്ടുനിൽകിയവരെ പ്രതിസന്ധിയിലാക്കിയതിൽ പാർട്ടിക്കുള്ളിൽ വിമർശനവുമുണ്ട്. തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് പരിഹാരം കാണാൻ പാർട്ടിയിൽ സമ്മർദ്ദമുണ്ടെന്നും വിവരമുണ്ട്. സ്ഥലം വിട്ടുനൽകിയവർക്കെതിരെ കേരള ബാങ്ക് കഴിഞ്ഞ ദിവസം ജപ്തി നടപടി തുടങ്ങിയിരുന്നു. ഭൂമി വിറ്റ് കടം വീട്ടാൻ കഴിയാതെ കുരുക്കിലാവരാണ് ജപ്തി ഭീഷണിയിലായത്. തത്കാലം ജപ്തി നടപടികൾ നിർത്തിവെക്കാൻ ബാങ്കിന് നിർദേശം നൽകുമെന്നാണ് വിവരം.
content highlight : cm-pinarayi-intervention-on-the-complaints-of-those-who-gave-away-land-for-kannur-airport-runway