തൃശൂര്‍: കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ സന്തോഷിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി വെളുത്തൂര്‍ പറക്കാട് സ്വദേശി പൊറക്കോട്ട് വീട്ടില്‍ വിനയനെ (36) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഊരകം വല്ലച്ചിറ സ്വദേശി നായരു പറമ്പില്‍ വീട്ടില്‍ സന്തോഷ് (54) ആണ് കൊല്ലപ്പെട്ടത്. പണവുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ എട്ടിനാണ് തൃശൂര്‍ മെട്രോ ഹോസ്പിറ്റലിനു സമീപത്തുള്ള കാടു പിടിച്ചു കിടക്കുന്ന സ്ഥലത്തെ കിണറ്റില്‍ സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് സിഐ. ജിജോയുടെ നേതൃത്വത്തില്‍ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നാല് ദിവസത്തോളം പഴക്കമുള്ള പുഴു അരിച്ച സന്തോഷിന്റെ ശരീരത്തിന് പുറമേ പരുക്കുകളൊന്നും കാണപ്പെട്ടിരുന്നില്ല. കിണറ്റില്‍ വീണ് വെള്ളം കുടിച്ചു മരിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ വസ്ത്രത്തിന്റെ പോക്കറ്റില്‍നിന്നും ലഭിച്ച മൊബൈല്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മരിച്ച സന്തോഷിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു.
തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം നടത്തിയ രഹസ്യാന്വേഷണത്തില്‍ ഒരു ബിവറേജ് ബില്‍ കിട്ടിയതാണ് കേസില്‍ വഴിത്തിരിവായത്. ബില്ലിലെ സമയം വച്ച് സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബിവറേജില്‍ ഇയാള്‍ക്കൊപ്പം വേറെയും ആളുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പ്രതി വിനയനെ ഗുരുവായൂരില്‍നിന്നും പിടികൂടുകയു ചെയ്തു.
കമ്മിഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശത്തില്‍ തൃശൂര്‍ അസി.കമ്മിഷണര്‍ സലീഷ് എന്‍. ശങ്കരന്‍ നേതൃത്വം വഹിച്ച അന്വേഷണ സംഘത്തില്‍ ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോ, സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിബിന്‍ പി. നായര്‍, അനില്‍കുമാര്‍, അനുശ്രീ, അസി. സബ് ഇന്‍സ്‌പെ്കടര്‍ ദുര്‍ഗാലക്ഷ്മി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിമല്‍ ഹരീഷ്, ദീപക്, സൂരജ്, അജ്മല്‍, നസീബ് എന്നിവരാണ് ഉണ്ടായിരുന്നത്.
content highlight : beverage-bill-found-during-the-investigation-given-to-the-police-as-a-clue-to-the-murder-case