കൊച്ചി: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ രണ്ട് ആനകളുടെ ഉൾപ്പെടെ ഭക്ഷണം, ട്രാൻസ്പോർട്ടേഷൻ എന്നിവയുമായി ബന്ധപ്പെട്ട റജിസ്റ്ററുകളുമായി നേരിട്ടു ഹാജരാകാൻ ഗുരുവായൂർ ദേവസ്വത്തിന്റെ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർക്കു ഹൈക്കോടതി നിർദേശം നൽകി. ഇതുപോലെയുള്ള സംഭവങ്ങളിൽ ആർക്കെതിരെയാണു കേസുകൾ റജിസ്റ്റർ ചെയ്യുന്നതെന്നു കോടതി ആരാഞ്ഞു. വനംവകുപ്പ്, ഗുരുവായൂർ ദേവസ്വം എന്നിവരുടെ വിശദീകരണവും ഹൈക്കോടതി തേടി.
പീതാംബരൻ, ഗോകുൽ എന്നീ ആനകൾ ഇടഞ്ഞ് ഉണ്ടായ അപകടത്തിൽ മൂന്നുപേർ മരിക്കാനിടയായതു ചൂണ്ടിക്കാട്ടിയാണ് ആനകളുമായി ബന്ധപ്പെട്ട റജിസ്റ്ററുകളുമായി തിങ്കളാഴ്ച നേരിട്ടു ഹാജരാകാൻ ലൈവ് സ്റ്റോക്ക് ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർക്കു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. ദൂരസ്ഥലങ്ങളിലേക്ക് ആനകളെ കൊണ്ടുപോകാൻ എന്തുകൊണ്ടാണ് അനുമതി നൽകുന്നതെന്നു കോടതി ചോദിച്ചു.