കൊച്ചി: പാതിവില തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് റജിസ്റ്റർ ചെയ്തു. മുഖ്യപ്രതി അനന്തു കൃഷ്ണൻ അടക്കമുള്ള മുഴുവൻ പ്രതികളുടെയും സ്വത്തുക്കളും നിക്ഷേപങ്ങളും കണ്ടുകെട്ടാനുള്ള നീക്കം തുടങ്ങി. തട്ടിപ്പിനെ തുടർന്നു കള്ളപ്പണം വെളുപ്പിക്കൽ നടന്നതിനു തെളിവുണ്ടോയെന്നു പരിശോധിക്കാൻ ഇ.ഡി ഡയറക്ടർ കൊച്ചി യൂണിറ്റിനു നിർദേശം നൽകിയിരുന്നു.
പണം നഷ്ടപ്പെട്ടവർ സംസ്ഥാന തലത്തിൽ സംഘടിച്ചു തിരികെ ലഭിക്കാനുള്ള നിയമനടപടികൾ ഏകോപിപ്പിക്കാൻ ആക്‌ഷൻ കൗൺസിൽ രൂപീകരിക്കും. ഉൽപന്നങ്ങളുടെ പാതിവില കൈപ്പറ്റിയ പല എൻജിഒകളും ഫെസിലിറ്റേഷൻ ഫീസ് എന്ന പേരിൽ ഇരുചക്രവാഹനത്തിനു 5900 രൂപ വീതം കൈപ്പറ്റിയിട്ടുണ്ട്. തയ്യൽ മെഷീനു 1500, ലാപ്ടോപിന് 1250 രൂപ വീതവും എൻജിഒകൾ കൈപ്പറ്റിയിട്ടുണ്ട്. അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിൽ എൻജിഒ സംഘടനകളെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യും.
തട്ടിയെടുത്ത തുക കൈവശം സൂക്ഷിക്കുന്ന സംഘടനകൾ അതു തിരികെ കൊടുക്കാൻ തയാറായില്ലെങ്കിൽ ഇരകളുടെ പരാതികളിൽ ഇവരെയും പ്രതിചേർക്കും. പാതി വിലയ്ക്കു ലഭിച്ച ഇരുചക്രവാഹനങ്ങളും മറ്റ് ഉപകരണങ്ങളും കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന വ്യാജ പ്രചാരണവും ചില എൻജിഒകൾ നടത്തുന്നതായി ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണം നടത്തുന്നവരുടെ പ്രൊഫൈലുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിക്കുന്നുണ്ട്.