Kerala

റാഗിങ്ങുമായി ബന്ധപ്പെട്ട സംഭവങ്ങൾ വളരെ വേദനയുണ്ടാക്കുന്നത്: മന്ത്രി ആർ.ബിന്ദു

തിരൂർ: റാഗിങ്ങുമായി ബന്ധപ്പെട്ട സംഭവങ്ങൾ വളരെ വേദനയുണ്ടാക്കുന്നതാണെന്നു മന്ത്രി ആർ.ബിന്ദു. കരുണയും അനുകമ്പയും ഏറ്റവും അനിവാര്യമായ ആരോഗ്യ മേഖലയിൽ വളർന്നു വരുന്ന പഠിതാക്കളാണ് ഇത്തരം സംഭവങ്ങളിൽ ഏർപ്പെടുന്നതെന്നത് വളരെ ഞെട്ടലോടെയേ കേൾക്കാൻ കഴിയൂ. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനുള്ള സാമൂഹിക ജാഗ്രത ഉറപ്പാക്കുകയെന്നത് അടിയന്തര ഉത്തരവാദിത്തമായി കാണുന്നുണ്ട്.

എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആന്റി റാഗിങ് സെല്ലുകൾ വേണ്ടതാണ്. കുട്ടികൾക്ക് പരാതി സമർപ്പിക്കാൻ സാധിക്കുന്ന തരത്തിലാവണം അവയുടെ പ്രവർത്തനമെന്ന് നിർദേശം നൽകിയിട്ടുള്ളതാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിരന്തരം അതുമായി ബന്ധപ്പെട്ട് ജാഗ്രതാപൂർവം നിരീക്ഷിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളിൽ ഒത്തുതീർപ്പിനായി രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്നതായി തോന്നുന്നില്ല. എല്ലാ വിഷയങ്ങളിലും നടപടി സ്വീകരിക്കുന്നുണ്ട്. ശിക്ഷ ഉണ്ടാകേണ്ടതാണ്. മറ്റുള്ളവർക്ക് ഒരു പാഠമാകണം.

റാഗിങ് സംഭവത്തിൽ എസ്എഫ്ഐ ഉണ്ടെന്നു മനസ്സിലാക്കിയിട്ടില്ല. അത്തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതെന്തുകൊണ്ടാണെന്നു മനസ്സിലാക്കണം. ഹിംസാത്മകമായ ചിന്താഗതികളിലേക്കു പോകാവുന്ന തരത്തിൽ ചില കാര്യങ്ങൾ സമൂഹത്തിൽ ഉണ്ടായി വരുന്നുണ്ട്. വികസിത മുതലാളിത്തത്തിന്റെ മൂല്യങ്ങളാണ് സമൂഹത്തിൽ ശക്തിപ്പെട്ടു വരുന്നത്. വളർന്നു വരുന്ന തലമുറയിൽ ഇത് പ്രതിഫലിക്കുന്നുണ്ടെന്നും മന്ത്രി തിരൂരിൽ പറഞ്ഞു.