കൊച്ചി: ഇടുക്കി ബാലഗ്രാം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ തിരിച്ചറിയൽ കാർഡ് നൽകാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കുന്നില്ലെന്ന പരാതിയുമായി എത്തിയ ഹർജിക്കാർ 50,000 രൂപ കോടതി ചെലവു നൽകണമെന്നു ഹൈക്കോടതി. 16നു നടക്കുന്ന തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ മനഃപൂർവമായ ശ്രമവും കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കവുമാണു നടത്തിയതെന്നു വിലയിരുത്തിയാണു നടപടി.
കേരള മീഡിയേഷൻ ആൻഡ് കൺസിലിയേൻ സെന്ററിന് ഒരാഴ്ചയ്ക്കുള്ളിൽ 50,000 രൂപ നൽകാനാണു ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. ബാങ്ക് തിരഞ്ഞെടുപ്പിൽ തിരിച്ചറിയൽ കാർഡ് നൽകാൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്കു ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ ഇതു പാലിക്കുന്നില്ലെന്നു പരാതിപ്പെട്ട് അംഗമായ അബ്ദുൽ മജീദ് ഉൾപ്പെടെ 15 പേരാണു കോടതിയെ സമീപിച്ചത്.
തിരിച്ചറിയൽ കാർഡിനായി ആളുകൾ ബാങ്കിൽ വരി നിൽക്കുന്നതിന്റെ ചിത്രവും ഹാജരാക്കി. വോട്ട് രേഖപ്പെടുത്താൻ യോഗ്യതയുള്ള അംഗങ്ങൾക്ക് അപേക്ഷ വാങ്ങി കാർഡ് നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഹർജിക്കാർ അപ്പീൽ നൽകുകയായിരുന്നു. കാർഡ് വിതരണം ചെയ്യേണ്ട സെക്രട്ടറി അവധിയായിരുന്നെന്നും ആരോപിച്ചു. എന്നാൽ ജോലിക്കു ഹാജരായിരുന്നുവെന്നു തെളിയിക്കുന്ന ബാങ്കിന്റെ ഹാജർ അടക്കം ഹാജരാക്കി ആരോപണത്തെ ബാങ്ക് എതിർത്തു. വരി നിൽക്കുന്ന ചിത്രം ബാങ്കിന്റെ മുന്നിലല്ലന്നും വിശദീകരിച്ചു.