ആരോഗ്യത്തിന് അത്ര നല്ലതല്ലെങ്കിലും എണ്ണ പലഹാരങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. നമ്മുടെ നാട്ടിലെ ഓരോ ചായക്കടകൾക്കും അത്തരത്തിൽ ഒരു ഫാൻ ബേസ് തന്നെ ഉണ്ടാകും. എന്നാൽ അമിതമായ എണ്ണ ശരീരത്തിൽ എത്തുന്നത് ഒട്ടും നല്ലതല്ല. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ചിലർ എണ്ണ പലഹാരങ്ങൾ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് കഴിക്കുന്നത് കണ്ടിട്ടില്ലേ. അതിൽ പറ്റി പിടിച്ചിരിക്കുന്ന അധികമായ എണ്ണ മാറ്റുക എന്നത് തന്നെയാണ് ഉദ്ദേശം. രുചിയിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും എണ്ണ എങ്ങനെ ഒഴിവാക്കാം എന്ന് നോക്കിയാലോ..
പേപ്പർ ടവലുകൾ ഉപയോഗിക്കുക
ഇത് പല വീടുകളിലും ഉപയോഗിക്കുന്ന ഒരു ലളിതമായ തന്ത്രമാണ്. വറുത്തതും പൊരിച്ചതുമായ പലഹാരം വറുത്തതിന് ശേഷം എണ്ണയിൽ നിന്ന് പുറത്തെടുത്ത ഉടൻ തന്നെ എണ്ണ ആഗിരണം ചെയ്യാവുന്ന ടിഷ്യൂ പേപ്പറിന് മുകളിൽ വയ്ക്കാവുന്നതാണ്. വിഭവത്തിൽ അധികമായി വരുന്ന എണ്ണ പേപ്പർ ആഗിരണം ചെയ്തുകൊള്ളും.
ബ്രഡ് സ്ലൈസ്
വീട്ടിലുണ്ടാക്കുന്ന കറിയോ ഒരു റസ്റ്ററന്റിൽ നിന്ന് ഓർഡർ ചെയ്തതോ ആകട്ടെ പലപ്പോഴും അതിന് മുകളിൽ എണ്ണയുടെ കട്ടിയുള്ള പാളി പൊങ്ങിക്കിടക്കുന്നത് കണ്ടിട്ടുണ്ടാകും. അങ്ങനെയുള്ളപ്പോൾ അത് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു കഷ്ണം ബ്രഡ് ആ കറിയ്ക്ക് മുകളിൽ അൽപ്പസമയം ഇട്ടുവയ്ക്കാം. അധിക എണ്ണ മുഴുവൻ ബ്രഡ് വലിച്ചെടുക്കും.
തണുക്കുമ്പോൾ ഒഴിവാക്കാം
കറികൾക്കും സോസുകൾക്കും ചട്നികൾക്കും പോലും നിങ്ങൾക്ക് ഈ ടിപ്പ് ഉപയോഗിക്കാവുന്നതാണ്. ഉണ്ടാക്കിയ വിഭവം ഫ്രിജിൽ വയ്ക്കുക, അധിക എണ്ണ കറിയ്ക്ക് മുകളിൽ ഒരു പാളിയായി രൂപപ്പെടുന്നത് കാണാം. ഇനി ആ പാളി നീക്കം ചെയ്താൽ എണ്ണയുടെ പേടിയില്ലാതെ ആ വിഭവം ആസ്വദിക്കാം.
വൈറൽ ഐസ് ക്യൂബ് ട്രിക്ക്
ഇത് ഒരിടയ്ക്ക് സമൂഹമാധ്യമങ്ങളിലാകെ വൈറലായൊരു ടിപ്പാണിത്. ഒരു വലിയ ഐസ്ക്യൂബ് എടുത്ത് ആ വിഭവത്തിന് മുകളിലായി മുക്കുക. അധികം വന്നിരിക്കുന്ന എണ്ണ മുഴുവൻ ആ ഐസിന്റെ അടിയിൽ പിടിയ്ക്കും. ഐസ് കട്ട പുറത്തെടുക്കുമ്പോൾ അതിനൊപ്പം എണ്ണയും പുറത്തുവരും.
content highlight: reduce-excess-oil-from-food