ഗസ്സ: മുഴുവൻ ബന്ദികളെയും ഹമാസ് കൈമാറണമെന്നാവർത്തിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ്. വെടിനിർത്തൽ കരാർപ്രകാരം മൂന്ന് ബന്ദികളുടെ കൈമാറ്റം ഇന്നുണ്ടാകും. രണ്ടാംവട്ട വെടിനിർത്തൽ കരാർ ചർച്ചയോട് മുഖം തിരിച്ച് ഇസ്രായേൽ. ട്രംപിൻറെ ഗസ്സ പദ്ധതിക്ക് ബദൽ നിർദേശം സമർപ്പിക്കാനൊരുങ്ങി അറബ് രാജ്യങ്ങൾ.
എല്ലാ ബന്ദികളെയും കൈമാറാൻ ഹമാസ് തയാറാകണമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ്. ബന്ദികളോടുള്ള ഹമാസ് പെരുമാറ്റം തികച്ചും മോശമാണെന്നും ട്രംപ് പ്രതികരിച്ചു. ഇന്ന് ഉച്ചയോടെ എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, ഇന്ന് കാലത്ത് പ്രാദേശിക സമയം ഒമ്പതരയക്ക് കരാർ പ്രകാരം മൂന്ന് ബന്ദികളെ കൈമാറാനാണ് ഹമാസ് തീരുമാനം. ഇവരുടെ പേരുവിവരങ്ങളും ഹമാസ് പുറത്തുവിട്ടു. ഇതിന് ആനുപാതികമായി ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും. അടുത്ത ആഴ്ച കൂടി കാത്തിരുന്നു മാത്രം മതി തുടർ നടപടികൾ എന്നാണ് പ്രധാനമന്ത്രി നെതന്യാഹുവിന്റെ തീരുമാനമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ടാംവട്ട ചർച്ചയോട് ഇസ്രായേൽ ഇനിയും താൽപര്യം കാണിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും നടത്തിയ നീക്കങ്ങളും വിജയം കണ്ടില്ല. ഗസ്സയിലേക്ക് മൊബൈൽ വീടുകളും കൂറ്റൻ യന്ത്ര സാമഗ്രികളും കൈമാറണമെന്ന ആവശ്യവും ഇസ്രായേൽ അനുവദിച്ചില്ല. അമേരിക്കൻ പിന്തുണയോടെ ഗസ്സയിൽ ഹമാസ് ഭരണം ഇല്ലായ്മ ചെയ്യാനുള്ള തന്ത്രങ്ങളാണ് ഇസ്രായേൽ ആവിഷ്കരിച്ചു വരുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫലസ്തീനികളെ പുറന്തള്ളി ഗസ്സ ഏറ്റെടുക്കുമെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിൻറെ പ്രഖ്യാപനവും സമ്മർദനീക്കങ്ങളും അറബ് രാജ്യങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കി. ട്രംപിൻറെ പദ്ധതിക്ക് ബദൽനിർദേശം സമർപ്പിക്കാൻ അറബ്നേതാക്കൾ വ്യാഴാഴ്ച സൗദി തലസ്ഥാനമായ റിയാദിൽ യോഗം ചേരും. ഹമാസ് ഗസ്സയുടെ അധികാരം വിടുകയും ഫലസ്തീനികളെ പുറന്തള്ളാതെ ഗസ്സയുടെ പുനർനിർമാണം നടത്തുകയും വേണമെന്നുമാണ് അറബ് ലീഗ് മുന്നോട്ടുവെക്കുന്ന ബദൽ നിർദേശം എന്നാണ് സൂചന. ഗസ്സയിൽ കുട്ടികളുടെ ജീവിതം നരകതുല്യമായി തുകരുകയാണെന്ന് യുനിസെഫ് ചൂണ്ടിക്കാട്ടി.