വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടത് ഭരണഘടനാപരമായ അവകാശമെന്ന് മന്ത്രി കെ രാജൻ. കേന്ദ്രം അനുവദിച്ചത് ഉപാധികളോടെയുള്ള ലോൺ മാത്രമാണെന്നും പറഞ്ഞു. എസ്എഎസ്കെസിഐ വ്യവസ്ഥയിലള്ള നിബന്ധനകൾ കേരളത്തോടുള്ള ക്രൂരതയാണെന്ന് മന്ത്രി പറഞ്ഞു.
കൃത്യമായ കണക്കുകളോടെയാണ് കേന്ദ്രത്തിന് മുന്നിൽ കേരളം ആവശ്യമുന്നയിച്ചിരുന്നതെന്ന് മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
45 ദിവസത്തിനകം ചിലവഴിക്കണം എന്ന വ്യവസ്ഥയോടെയാണ് ലോൺ കൈമാറുന്നത്. പണം വകമൊറ്റി ചെലവഴിച്ചാൽ കേരളത്തിൻ്റെ മറ്റ് വിഹിതങ്ങളിൽ കുറവ് വരുത്തുമെന്നും പ്രഖ്യാപനമുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേരളം ഒരു പ്രത്യേക ഘട്ടത്തിൽ എത്തപ്പെട്ടു എന്ന് കരുതി എന്തുമാകാം എന്ന് കരുതരുത്. അനുവദിച്ച ലോൺ ഉപയോഗിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുൻപ് ഇത്തരമൊരു അനുഭവമില്ലാത്തതിനാൽ ഏത് വിധത്തിൽ കാര്യങ്ങൾ നടത്തണമെന്ന് ആലോചിക്കും.
പ്രൻസിപ്പൽ സെക്രട്ടറിമാരുടെ യോഗം ചേരുമെന്നും നടപ്പിലാക്കേണ്ട പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു
വയനാട് ഉരുള്‍ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം. കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ഉരുൾപൊട്ടൽ ദുരന്ത ബാധിതർ സമരത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചു. സംസ്ഥാനം പുറത്ത് വിട്ട ആദ്യഘട്ട പുനരധിവാസ പട്ടികയിൽ അർഹരായവർ ഉൾപ്പെട്ടിട്ടില്ലെന്ന ആക്ഷേപവും ഇതിനോടകം ഉയർന്നിട്ടുണ്ട്. പുനരധിവാസം വൈകുന്നതിലും സമരം നടത്താനാണ് നീക്കം.