ന്യൂഡല്‍ഹി: ഡിസംബര്‍ പാദത്തില്‍, പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ അറ്റാദായം നേടി. 17 വര്‍ഷത്തിനുശേഷം ആദ്യമായാണ് കമ്പനി ലാഭം നേടുന്നത്. ഡിസംബര്‍ പാദത്തില്‍ 262 കോടിയാണ് കമ്പനിയുടെ ലാഭം. ഇത് ലാഭത്തിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തുന്നുവെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സേവന ഓഫറുകളുടെയും വരിക്കാരുടെ അടിത്തറയുടെയും വിപുലീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ബിഎസ്എന്‍എല്ലിന് ഇത് ഒരു സുപ്രധാന വഴിത്തിരിവ് ആണെന്നും അദ്ദേഹം പറഞ്ഞു.
മൊബിലിറ്റി, എഫ്ടിടിഎച്ച്, ലീസ്ഡ് ലൈന്‍ സര്‍വീസ് ഓഫറിങ് എന്നിവയില്‍ 14-18 ശതമാനം വളര്‍ച്ചയാണ് ബിഎസ്എന്‍എല്‍ കൈവരിച്ചത്. ജൂണിലെ 8.4 കോടിയില്‍ നിന്ന് ഡിസംബറില്‍ വരിക്കാരുടെ അടിത്തറയും ഉയര്‍ന്നു. ഏകദേശം ഒന്‍പത് കോടിയായാണ് വരിക്കാരുടെ എണ്ണം ഉയര്‍ന്നതെന്നും മന്ത്രി പറഞ്ഞു.
‘ബിഎസ്എന്‍എല്ലിനും ഇന്ത്യയിലെ ടെലികോം മേഖലയുടെ യാത്രയ്ക്കും ഇന്ന് ഒരു പ്രധാന ദിവസമാണ്. 17 വര്‍ഷത്തിനിടെ ആദ്യമായി ബിഎസ്എന്‍എല്‍ ലാഭം രേഖപ്പെടുത്തി. ഇതിന് മുന്‍പ് ബിഎസ്എന്‍എല്‍ ഒരു പാദത്തില്‍ ലാഭം രേഖപ്പെടുത്തിയത് 2007 ലാണ്,’- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
മൊബിലിറ്റി സേവന വരുമാനം 15 ശതമാനം വളര്‍ച്ച നേടി. ഫൈബര്‍-ടു-ദി-ഹോം (FTTH) വരുമാനം 18 ശതമാനം വര്‍ദ്ധിച്ചു. ലീസ്ഡ് ലൈന്‍ സേവന വരുമാനം മുന്‍ വര്‍ഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് 14 ശതമാനം വര്‍ദ്ധിച്ചതായും മന്ത്രി അറിയിച്ചു. ബിഎസ്എന്‍എല്‍ അതിന്റെ സാമ്പത്തിക ചെലവും മൊത്തത്തിലുള്ള ചെലവും കുറച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടത്തില്‍ 1,800 കോടിയിലധികം രൂപയുടെ കുറവിന് കാരണമായി. രാജ്യത്തുടനീളമുള്ള എല്ലാ വരിക്കാര്‍ക്കും ഫോര്‍ജി സേവനം നല്‍കുന്നതില്‍ ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ പാദത്തിലെ ലാഭത്തിലേക്കുള്ള തിരിച്ചുവരവ് ബിഎസ്എന്‍എല്ലിന് ഒരു പ്രധാന വഴിത്തിരിവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
content highlight: BSNL