നെയ്യാറ്റിൻകര ഗോപന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പുറത്ത്. നെയ്യാറ്റിൻകര ഗോപന്‍റെ മുഖത്തും മൂക്കിലും തലയിലുമായി നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൂക്ക്, തല, മുഖം എന്നിവിടങ്ങളിൽ ചതവുകളുണ്ടെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗുരുതര രോഗങ്ങൾ ബാധിച്ച് കരൾ, വൃക്ക എന്നിവ തകരാറിലായിരുന്നു. രാസപരിശോധനാഫലം ലഭിച്ചശേഷം മാത്രം മരണകാരണം കണ്ടെത്താനകൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
ശ്വാസകോശത്തിൽ ഭസ്മം നിറഞ്ഞതായി കണ്ടത് മക്കൾ സമാധി സ്ഥലത്തിരുത്തിയപ്പോൾ ഉള്ളിലായതാണെന്നും സംശയങ്ങൾ ഉയർന്നിരുന്നു. തലയിൽ കരുവാളിച്ച പാടുകൾ കണ്ടതായി നേരത്തെ തന്നെ ഡോക്ടർമാർ അറിയിച്ചിരുന്നു.
മരണത്തിൽ നാട്ടുകാർ ദുരൂഹത ഉന്നയിച്ചതോടെയാണ് മക്കൾ സ്ഥാപിച്ച സമാധിക്കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. ഗോപന്റെ ഹൃദയ വാൽവിൽ 2 ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ചു കാലുകളിൽ മുറിവുണ്ടായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്.
ജനുവരി ഒൻപതിന് ‘സ്വർഗവാതിൽ’ ഏകാദശി ദിവസം പിതാവിൻറെ ആഗ്രഹപ്രകാരമാണ് സമാധിയിരുത്തിയതെന്നായിരുന്നു മക്കളുടെ വെളിപ്പെടുത്തൽ. ഇതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ വൻവിവാദവും തലപൊക്കി. കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമാധിയുമായി ബന്ധപ്പെട്ട് 41 ദിവസത്തെ പൂജകളുണ്ടെന്നും കല്ലറ പൊളിക്കാൻ അനുവദിക്കരുതെന്നുമായിരുന്നു കുടുംബത്തിൻറെ ആവശ്യം.
ഇത് കോടതി തള്ളിയതോടെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. തുടർന്നായിരുന്നു പോസ്റ്റ്മോർട്ടം. അടുത്ത ദിവസം പുതിയ കല്ലറയിൽ സന്യാസിമാരുടെ സാന്നിധ്യത്തിൽ ഗോപനെ സംസ്‌കരിക്കുകയും ചെയ്തു.