രാജ്യത്ത് ഏറ്റവുമധികം റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ എന്ന ഖ്യാതിയുമായി എത്തിയ സിംപിൾ എനർജിയുടെ പുതിയ മോഡലുകൾ വിപണിയിൽ. രണ്ട് മോഡലുകളിൽ ലഭിക്കുന്ന സ്കൂട്ടറിന്റെ വൺ എന്ന മോഡലിന് 1.66 ലക്ഷം രൂപയും സിംപിൾ വൺ ഡോട്ട് എന്ന മോഡലിന് 1.46 ലക്ഷം രൂപയുമാണ് വില. നേരത്ത 212 കിലോമീറ്റർ റേഞ്ച് ലഭിച്ചിരുന്ന സിംപിൾ വണ്ണിന്റെ ജെൻ 1.5 മോഡലിന്റെ റേഞ്ച് 248 കിലോമീറ്ററാണ്. വില കുറഞ്ഞ വേരിയന്റായ സിംപിൾ വൺ ഡോട്ട് ജെൻ 1.5 മോഡലിന്റെ റേഞ്ച് 181 കിലോമീറ്ററും നേരത്തെ ഇത് 151 കിലോമീറ്റായിരുന്നു.
ഇന്ത്യയിൽ ഏറ്റവും അധികം റേഞ്ചുള്ള സ്കൂട്ടറുകളിലൊന്നാണ് സിംപിൾ വൺ. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ് കമ്പനിയായ സിംപിൾ എനർജി 2023 ലാണ് സ്കൂട്ടറുകൾ പുറത്തിറക്കിയത്. ആദ്യ മോഡലുകളുടെ അപ്ഡേറ്റഡ് വേരിയന്റാണ് ഇപ്പോള്‍ എത്തിയിരിക്കുന്ന ജെൻ 1.5.
ഒന്നിൽ കൂടുതൽ സോഫ്റ്റ്‌വെയർ അപ്‌ഡേഷനുകൾ, നാവിഗേഷൻ, അപ്ഡേറ്റ് ചെയ്ത ഡ്രൈവ് മോഡുകൾ, പാർക് അസിസ്റ്റന്റ്, ഫൈൻഡ് മൈ വെഹിക്കിൾ, റീജെൻ ബ്രേക്കിങ്, ട്രിപ് ഹിസ്റ്ററി, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, യു എസ് ബി ചാർജിങ് പോർട്ട്, ഈ സെഗ്മെന്റിലെ ഏറ്റവും വലിയ അണ്ടർ സ്റ്റോറേജ് തുടങ്ങി ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെ ജെൻ 1.5 നു കമ്പനി നൽകിയിട്ടുണ്ട്. കൂടാതെ, ജെൻ 1 ഉടമകൾക്ക് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യവും നൽകിയിരിക്കുന്നു.
ഫ്ലോറിൽ ഉറപ്പിച്ച 3.7 kWh ബാറ്ററിയും 1.3 kWh പോർട്ടബിൾ ബാറ്ററിയുമാണ് വൺ ജെൻ 1.5 ൽ. 11.4 ബി എച്ച് പി പവറും 72 എൻ എം ടോർക്കും ഉൽപാദിപ്പിക്കും ഇലക്ട്രിക് മോട്ടർ. 105 കിലോമീറ്ററാണ് ഉയർന്ന വേഗം. വൺഡോട്ട് ജെൻ 1.5 ൽ. 3.7 kWh ബാറ്ററി മാത്രം ഉപയോഗിക്കുന്നു. 11.4 ബി എച്ച് പി പവറും 72 എൻ എം ടോർക്കും ഉൽപാദിപ്പിക്കുന്ന മോട്ടറാണ് സ്കൂട്ടറിൽ.