ഔട്ട്റേജ്, ദി ഗ്രേറ്റ് എസ്‌ക്കേപ്പ് തുടങ്ങിയ ഇംഗ്ലീഷ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി സംവിധായകൻ സന്ദീപ് ജെ.എൽ സംവിധാനം ചെയ്യുന്ന പുതിയ ഇംഗ്ലീഷ് ചിത്രമായ ബ്ലഡ് ഹണ്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം തായ്ലണ്ടിലെ ബാങ്കോക്കിൽ പൂർത്തിയായി. തായ്ലണ്ടിൽ പോസ്റ്റു പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു.
അയോധന കല പൂർണ്ണമായും ഉപയോഗിച്ച ആഷൻ ചിത്രങ്ങൾ ഒരുക്കിയ സന്ദീപ് ജെ.എൽ പുതിയ ചിത്രത്തിലും, അയോധന കല പൂർണ്ണമായും ഉപയോഗിച്ചാണ് ആഷൻ രംഗങ്ങൾ ഒരുക്കിയത്.
യു.എസ്. ആസ്ഥാനമായ ഫിലിം പ്രൊഡക്ഷൻ കബനിയായ ആഷൻ എംപയറിനു വേണ്ടി കാരെൻ ഡാമറും, സൈമൺ കുക്കും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രചനയും സംവിധാനവും നിർവ്വഹിക്കുന്ന സന്ദീപ് ജെ.എൽ തന്നെയാണ് പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. തമ്പി ആന്റണി, റോൺ സ്മുറൻബർഗ്, സൈമൺ കുക്ക്, കാരെൻ ഡാമർ എന്നിവരും പ്രധാന വേഷത്തിൽ ക്യാമറായുടെ മുമ്പിലെത്തുന്നു.
അമേരിക്ക, തായ്ലണ്ട് എന്നിവിടങ്ങളിലെ മനോഹാരിതയിൽ മിന്നുന്ന അക്ഷൻ രംഗങ്ങൾ, പ്രമുഖ ക്യാമറാമാൻ മാക്സ് അർനുഹാബ് ആണ് ക്യാമറായിൽ പകർത്തിയത്. പ്രശസ്ത സംഗീത സംവിധായകൻ കൈസാദ് പട്ടേലിന്റെ ത്രസിപ്പിക്കുന്ന സംഗീതം ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ഹോളിവുഡിലെ പ്രമുഖ സ്റ്റണ്ട് ടീമായ ആക്ഷൻ എംപയറിലെ വിദഗ്ദ്ധരായ സ്റ്റണ്ട് കോ ഓർഡിനേറ്റർമാരുടെ ഒരു ടീമാണ്, ചിത്രത്തിന്റെ ആഷൻ കോറിയോഗ്രാഫി തയ്യാറാക്കിയത്. ടച്ച് താനയുടെ പ്രധാന ആക്ഷൻ ഡയറക്ടർ ഹൈ ഒക്ടെയിൻ, വിദഗ്ദ്ധമായി അണിയിച്ചൊരുക്കിയ പോരാട്ട സീക്വൻസുകൾ പ്രേക്ഷകരെ ത്രില്ലടിപ്പിക്കും.
കിഴക്കൻ ഏഷ്യൻ മാഫിയ സംഘങ്ങളുടേയും, അവരുടെ അന്താരാഷ്ട്ര ശൃംഖലകളുടെയും പോരാട്ട യുദ്ധത്തിന്റെ കഥ പറയുന്ന ബ്ലഡ് ഹണ്ട്, ഗ്രിപ്പിംഗ് ആക്ഷൻ, അയോധന കലകളുടെ പോരാട്ടം എന്നിവയിലൂടെ കൂടുതൽ ശ്രദ്ധേയമാകും.
ഇംഗ്ലീഷ് കൂടാതെ, മറ്റ് പ്രമുഖ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം പുറത്തിറങ്ങുമെന്ന് സംവിധായകൻ സന്ദീപ് ജെ.എൽ അറിയിച്ചു. ഒരു മലയാളി സംവിധായകനിലൂടെ, വ്യത്യസ്തമായ ഒരു അക്ഷൻ ചിത്രം ലോക സിനിമയ്ക്ക് ലഭിക്കും. പി.ആർ.ഒ – അയ്മനം സാജൻ.