മൂന്നാറിൽ കാട്ടാന ആക്രമണം. ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചു. തലകീഴായി മറിഞ്ഞ കാറിൽ നിന്ന് സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്ത് മേഞ്ഞിരുന്ന പശുവിനെ കാട്ടാന ആക്രമിച്ച് കൊന്നു. ആർ ആർ ടി ആനയെ തുരത്തി. ഓടിക്കൊണ്ടിരുന്ന കാറിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ദേവികുളം സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം ഉണ്ടാകുന്നത്.
കാർ ആക്രമിച്ചതിന് പിന്നാലെയാണ് സമീപത്തുണ്ടായിരുന്ന പശുവിനെ ചവിട്ടിക്കൊന്നത്. മേഖലയിൽ കണ്ട് പരിചയമില്ലാത്ത ആനയാണ് ആക്രമണം നടത്തിയത്. ലിവർപൂളിൽ നിന്നെത്തിയ നാല് സഞ്ചാരികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. സിഗ്നൽ പോയിന്റിൽ വെച്ച് കാർ കാട്ടാനയുടെ മുൻപിൽ പെടുകയായിരുന്നു. വാഹനം വെട്ടിച്ച് മാറ്റി തിരിച്ചുപോകാനുള്ള ശ്രമത്തിനിടെയാണ് ആക്രമണം ഉണ്ടായത്.
ആന എവിടെ നിന്നാണ് വന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വ്യക്തതയില്ല. ഇനിയും ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിരീക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ഇത് അടിയന്തരമായിട്ടുണ്ടാകുമെന്നും വനം വകുപ്പ് അറിയിച്ചു.