പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പ്രശംസിച്ച് ശശി തരൂർ എംപി. നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം പ്രതീക്ഷ നൽകുന്നതാണെന്ന് ശശി തരൂർ പറഞ്ഞു. മോദിയുടെ യുഎസ് സന്ദർശനത്തെ ഏറെ പോസിറ്റീവ് ആയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി ചർച്ചയിൽ പ്രധാന വിഷയങ്ങൾ ഉന്നയിക്കാനായെന്നും തരൂർ പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടിയിൽ തെറ്റില്ലെന്നും ശശി തരൂർ പറഞ്ഞു. എന്നാൽ അവരെ കൊണ്ടുവരുന്ന രീതി സംബന്ധിച്ച് ഉറപ്പൊന്നും ലഭിക്കാത്തതിലാണ് നിരാശയെന്നും ശശി തരൂർ വ്യക്തമാക്കി. വിലങ്ങും ചങ്ങലയുമണിയിച്ച് കൊണ്ടുവരുന്നതിനോടാണ് എതിർപ്പെന്ന് തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.
താരിഫുകളെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അക്കാര്യത്തില്‍ കുറച്ച് കൂടി ഗൗരവമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും സെപ്റ്റംബര്‍–ഒക്ടോബറോടെ താരിഫ് സംബന്ധിച്ച വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും തരൂര്‍ വെളിപ്പെടുത്തി. ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലെങ്കില്‍ നമ്മുടെ കയറ്റുമതിയെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.