Kerala

കേരളത്തിലെ സംരംഭത്തിൻ്റെ കണക്ക് എവിടെ നിന്ന് കിട്ടി? ലേഖനം പാർട്ടി പരിശോധിക്കട്ടെ: ശശി തരൂരിനെ തള്ളി വി ഡി സതീശൻ

കേരളത്തിലെ വ്യാവസായിക മേഖല അതിശയകരമായ വളർച്ചയിലാണെന്ന് പറഞ്ഞു കൊണ്ടുള്ള ശശി തരൂർ എം പിയുടെ ലേഖനത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന് കേരളത്തിലെ സംരംഭത്തിൻ്റെ കണക്ക് എവിടെ നിന്നാണ് കിട്ടിയതെന്നാണ് സതീശൻ ചോദിച്ചത്. ശശി തരൂർ ലേഖനമെഴുതിയത് ഏത് കണക്കിൻ്റെ അടിസ്ഥാനത്തിലാണ് എന്നറിയില്ലെന്നും, പാർട്ടി പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടെ യു എസ് സന്ദർശനം ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ല എന്നും വി ഡി സതീശൻ വ്യക്തമാക്കി.

കേരളം വ്യവസായ സൗഹൃദ സംസ്ഥാനം അല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്ത് മൂന്ന് ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചുവെന്നാണ് വ്യവസായി മന്ത്രി പറഞ്ഞതെന്നും,അത് ഏതാണെന്ന് താൻ ചോദിച്ചിരുന്നുവെന്നും പറഞ്ഞ അദ്ദേഹം, ആ കണക്ക് അനുസരിച്ചാണെങ്കിൽ ഒരു മണ്ഡലത്തില്‍ ശരാശരി 2000 സംരംഭങ്ങള്‍ എങ്കിലും ഉണ്ടാകണമെന്നും, അത് എവിടെയെങ്കിലും ഉണ്ടോയെന്നും ചോദിച്ചു.

കേരളം മാറ്റത്തിന്റെ പാതയിലെന്നും വ്യവസായ രംഗത്ത് മികച്ച മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണ്. ‘ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍‘ എന്ന പേരില്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തില്‍ വന്ന മാറ്റങ്ങള്‍ അദേഹം തുറന്നുകാട്ടിയിരിക്കുന്നത്.

Latest News