നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഗോപന്റെ കുടുംബം. മുഖത്തും മൂക്കിലും ഉണ്ടായത് മുറിവല്ലെന്നും തഴമ്പാണെന്നും അത് പണ്ട് മുതലേ ഉണ്ടായിരുന്നുവെന്ന് ഗോപന്റെ ഭാര്യ സുലോചന പറഞ്ഞു. ഒരു മുറിവും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. പൊലീസ് അന്വേഷണത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും ഇനിയും അന്വേഷണവുമായി സഹകരിക്കുമെന്നും കുടുംബം വ്യക്തമാക്കി.
സമാധിയിൽ വരുന്ന വരുമാനം കുടുംബത്തിന്റെ ചിലവിന് വേണ്ടി ഉപയോഗിക്കില്ലെന്ന് ഗോപന്റെ മകൻ രാജസേനൻ പറഞ്ഞു. അത് ട്രസ്റ്റ് തന്നെ കൈകാര്യം ചെയ്യുമെന്നും ഉപജീവിനത്തിനായി പശുക്കൾ ഉണ്ട്, ഞങ്ങൾക്ക് അത് മതിയെന്നും മകൻ വ്യക്തമാക്കി. തങ്ങൾ ചെയ്യുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നും സത്യത്തിന്റെ പിന്തുണയുണ്ടെന്നും ഗോപന്റെ ഭാര്യ സുലോചന പറഞ്ഞു. എല്ലാം സുതാര്യമായിട്ടേ നടക്കൂവെന്നും അവർ പ്രതികരിച്ചു.
മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. രാസപരിശോധനാഫലം വന്നാലേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകൾ മരണകാരണമായിട്ടില്ലെന്ന് റിപ്പോർട്ട്.