കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ആനകൾ എങ്ങനെ വിരണ്ടു എന്നതിലെ അവ്യക്തത വിശദാന്വേഷണത്തിൽ തെളിയുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ആനയെഴുന്നള്ളിപ്പുകൾ ഒരാഴ്ചത്തേക്ക് വിലക്കി.
രാവിലെ എട്ടരയോടെ വനംമന്ത്രി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെത്തി മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു.
സംഭവത്തിൽ കൊയിലാണ്ടി പൊലീസിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്. ആന പാപ്പാന്മാർ, ക്ഷേത്ര ഭാരവാഹികൾ, പടക്കം പൊട്ടിച്ചവർ, നാട്ടുകാർ, പരിക്കേറ്റവർ എന്നിവരുടെ വിശദമൊഴിയെടുപ്പു നടത്തുകയാണ് പൊലീസ്.
വ്യാഴാഴ്ച ആനയിടഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്. 32 പേർ പരിക്കുപറ്റി ചികിത്സയിലാണ്. കോഴിക്കോട് ജില്ലയിൽ ആനയെഴുന്നള്ളിപ്പിന് ഒരാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തി. ജില്ലാ മോണിറ്ററിങ് കമ്മറ്റിയുടേതാണ് തീരുമാനം.