കോട്ടയത്തെ നഴ്സിംഗ് കോളേജിലെ റാഗിങ്ങിൽ നടപടി. പ്രതികളായ 5 നഴ്സിങ് വിദ്യാർത്ഥികളുടേയും തുടർ പഠനം തടയാൻ നഴ്സിംഗ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. കോളേജ് അധികൃതരെയും സർക്കാരിനേയും തീരുമാനം അറിയിക്കും.
പീഡനത്തിനിരയായ വിദ്യാർത്ഥിയുടെ പിറന്നാളായിരുന്നു. ഇതിന്റെ പേരിൽ ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നൽകാൻ സാധിക്കില്ല എന്ന് പറഞ്ഞതിനെ തുടർന്നാണ് ക്രൂരമായ റാഗിങിലേക്ക് കാര്യങ്ങൾ പോയത്. ക്രൂരമായി റാഗ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റാഗിംഗുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പാളിനേയും അസി. പ്രൊഫസറേയും സസ്‌പെൻഡ് ചെയ്തിരുന്നു.
പ്രതികളായവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷനിൽ ഒതുങ്ങില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. സസ്പെൻഷനിൽ തീരേണ്ട കാര്യമല്ല ഇത്. മറ്റൊരാളും ഇനി ഇത് ചെയ്യാതിരിക്കാനുള്ള സന്ദേശമായി നടപടികൾ സ്വീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.