Automobile

സ്കോഡയുടെ ഇലക്ട്രിക് എസ്‍യുവി വരുന്നു | Skoda India

സെപ്റ്റംബറില്‍ സ്‌കോഡയുടെ ഇന്ത്യന്‍ വിപണിയിലെ ആദ്യ വൈദ്യുത എസ്‌യുവി പുറത്തിറക്കുമെന്ന് ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ യനേബ പ്രഖ്യാപിച്ചിരിക്കുന്നത്

ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ എനിയാക്ക് ഐവി എന്ന വൈദ്യുത കാര്‍ പുറത്തിറക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ സ്‌കോഡയുടെ ഇന്ത്യന്‍ വിപണിയിലെ ആദ്യ ഇവിയാവുമെന്ന പ്രതീക്ഷിച്ചിരുന്ന എനിയാക്ക് ഐവിയുടെ വരവ് പ്രതീക്ഷിച്ചതിലേറെ വൈകി. ഇതിനിടെയാണ് വരുന്ന സെപ്റ്റംബറില്‍ സ്‌കോഡയുടെ ഇന്ത്യന്‍ വിപണിയിലെ ആദ്യ വൈദ്യുത എസ്‌യുവി പുറത്തിറക്കുമെന്ന് ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ യനേബ പ്രഖ്യാപിച്ചിരിക്കുന്നത്.

സെപ്റ്റംബറില്‍ പുറത്തിറങ്ങുക സ്‌കോഡയുടെ ഏതു മോഡലാണെന്ന് പീറ്റര്‍ യനേബ വ്യക്തമാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ എനിയാക് ഐവിയാണോ അതോ മറ്റേതെങ്കിലും മോഡലാണോ എത്തുകയെന്നതില്‍ ഉറപ്പില്ല. 2023 മുതല്‍ തന്നെ എനിയാക്ക് ഐവി ഇന്ത്യയിലേക്കെത്തുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നു തുടങ്ങിയിരുന്നു. ഭാരത് മൊബിലിറ്റി ഷോയില്‍ ഒന്നിലേറെ തവണ എനിയാക്ക് ഐവി പ്രദര്‍ശനത്തിനെത്തുകയും പലതവണ റോഡില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിട്ടുള്ളതാണ്.

‘എംഇബി പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന എല്‍റോക്കും ഞങ്ങള്‍ക്കുണ്ട്. എല്‍റോക്കിനു പുറമേ എനിയാക്കും എനിയാക്ക് കൂപെയും ഇതേ പ്ലാറ്റ്‌ഫോമില്‍ തന്നെയുള്ളതാണ്. മാര്‍ച്ചില്‍ സര്‍ക്കാരിന്റെ വൈദ്യുത വാഹന നയം പ്രഖ്യാപിച്ചതിനു ശേഷം മാത്രമേ ഇന്ത്യയിലേക്ക് ഏത് മോഡല്‍ കൊണ്ടുവരുമെന്ന കാര്യം ഉറപ്പിക്കാനാവൂ’ എന്നാണ് യനേബ വിശദീകരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍പ്രഖ്യാപിച്ച വൈദ്യുത വാഹന നയത്തില്‍ ഇറക്കുമതി നികുതി 15 ശതമാനം കുറച്ചിരുന്നു. നികുതി ഇളവ് പൂര്‍ണമായി ആസ്വദിക്കാന്‍ കമ്പനികള്‍ നിശ്ചിത തോതില്‍ പ്രാദേശികമായി വാഹന ഭാഗങ്ങള്‍ നിര്‍മിക്കേണ്ടതുമുണ്ട്. 2025 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ വൈദ്യുത വാഹന നയത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് കാത്തിരുന്ന ശേഷം ഏത് വൈദ്യുത കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കണമെന്നു തീരുമാനിക്കുമെന്ന് സ്‌കോഡ അറിയിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 4.49 മീറ്റര്‍ നീളമുള്ള എല്‍റോക്ക് സ്‌കോഡ പുറത്തിറക്കിയത്. 4.65 മീറ്റര്‍ നീളമുള്ള എനിയാക്കിനെ അപേക്ഷിച്ച് നീളം കുറവുള്ള കാറാണ് എല്‍റോക്ക്. എല്‍റോക്കിനേയും ഇക്കഴിഞ്ഞ ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എനിയാക്കായാലും എല്‍റോക്കായിലും പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന രീതിയിലുള്ള മോഡലുകളായിട്ടാവും ഇന്ത്യയില്‍ അവതരിപ്പിക്കുക. അതേസമയം ഭാവിയില്‍ ഇന്ത്യക്ക് അനുയോജ്യമായ ഇവി പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതിന് ഫോക്‌സ്‌വാഗണുമായി ചേര്‍ന്ന് സ്‌കോഡ ശ്രമിക്കുന്നുമുണ്ട്.

ഈ വര്‍ഷം രണ്ടാം പാദത്തില്‍ തന്നെ രണ്ടാംതലമുറ കോഡിയാക്ക് ഇന്ത്യയില്‍ അവതരിപ്പിക്കാനും സ്‌കോഡക്ക് പദ്ധതിയുണ്ട്. ഫെബ്രുവരിയില്‍ തന്നെ രണ്ടാം തലമുറ കോഡിയാക്കിന്റെ നിര്‍മാണം ആരംഭിക്കും. ഭാഗങ്ങളായി ഇറക്കുമതി ചെയ്ത ശേഷം ഇന്ത്യയില്‍ യോജിപ്പിക്കുന്ന രീതിയാണ് രണ്ടാം തലമുറ കോഡിയാക്കിന്റെ കാര്യത്തില്‍ സ്‌കോഡ പിന്തുടരുക. ആദ്യ തലമുറ കോഡിയാക്കിന് 40.99 ലക്ഷം രൂപ മുതലായിരുന്നു വിലയെങ്കില്‍ പുതിയ കോഡിയാക്കിന് അല്‍പം വില വര്‍ധിക്കാനും സാധ്യതയുണ്ട്.

content highlight: Skoda India