കരുതിക്കൂട്ടി വ്യക്തിഹത്യ ചെയ്യുകയെന്ന ഉദ്ദേശത്തോടുകൂടി പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനിൽനിന്ന് പണം കൈപ്പറ്റിയെന്ന രീതിയിൽ അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമായ വ്യാജവാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ നിയമനടപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ.
സമൂഹത്തിൽ മാന്യമായ പൊതുപ്രവർത്തനം നടത്തുന്ന ജനപ്രതിനിധി കൂടിയായ തനിക്ക് അപരിഹാര്യമായ മാനനഷ്ടം ഉണ്ടാക്കുന്ന വാർത്തയാണ് റിപ്പോർട്ട് ചാനൽ സംപ്രേക്ഷണം ചെയ്തത്. താൻ പണം വാങ്ങിയെന്നൊരു മൊഴി അനന്തു നൽകിയിട്ടില്ലെന്ന് ഉത്തരവാദപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും വിവരംലഭിച്ചിട്ടുണ്ടെന്നും വാർത്ത തെറ്റാണെന്നും ചാനൽ അധികൃതരോട് ചൂണ്ടിക്കാട്ടിയിട്ടും അത് പിൻവലിക്കാൻ തയ്യാറായില്ല.
സത്യവിരുദ്ധമായ വാർത്ത നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചാനൽ ശ്രമിച്ചത്. റിപ്പോർട്ടർ ചാനലിൽ സംപ്രേക്ഷണം ചെയ്ത വാർത്തയുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകൾ പൊതുജനമധ്യത്തിൽ തന്നെ അപകീർത്തിപ്പെടുന്ന വിധം ഇപ്പോഴും രാഷ്ട്രീയ എതിരാളികൾ വ്യാപകമായി സമൂഹമാധ്യമങ്ങിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.
അതിനാൽ നിരുപാധികം വാർത്ത പിൻവലിച്ച് പൊതുജനമധ്യത്തിൽ മാപ്പുപ്പറയാൻ ചാനൽ തയ്യാറാക്കണം എന്നാണ് വക്കീൽ നോട്ടീസിലൂടെ മാത്യു ആവശ്യപ്പെടുന്നത്. അതിന് ചാനൽ തയ്യാറാകാത്തപക്ഷം സിവിൽ, ക്രിമിനൽ നിയമ നടപടികൾ തുടർന്ന് സ്വീകരിക്കുമെന്നും നോട്ടീസിൽ മാത്യു ചൂണ്ടിക്കാട്ടി.അഡ്വ. മുഹമ്മദ് സിയാദ് വഴിയാണ് റിപ്പോർട്ടർ ചാനലിന് മാത്യു കുഴൽനാടൻ നോട്ടീസ് അയച്ചത്.
CONTENT HIGH LIGHTS; Mathew Kuzhalnadan MLA takes legal action against reporter channel: Channel tried to mislead people by giving false news