നേടുന്ന റൺസിനും വിക്കറ്റുകൾക്കുമപ്പുറമാണ് ക്രിക്കറ്റിൻ്റെ യഥാർത്ഥ സ്പിരിറ്റ്. വിജയപരാജയങ്ങളേക്കാൾ ക്രിക്കറ്റ് ആവശ്യപ്പെടുന്ന മൂല്യങ്ങളോടെ കളിക്കാൻ കഴിയുന്നതിലായിരുന്നു എന്നും ക്രിക്കറ്റിന്റെ മഹത്വം. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നായിരുന്നു കഴിഞ്ഞ ദിവസം നടന്ന അണ്ടർ 14 വിഭാഗത്തിലെ കേരള – തമിഴ്നാട് മല്സരം.
തകർച്ചയിൽ നിന്ന് തിരിച്ചു വന്ന് സീനിയർ താരങ്ങൾ രഞ്ജി ട്രോഫിയിൽ സ്വന്തമാക്കിയ നേട്ടം പിന്മുറക്കാർക്കും ആവേശമാവുകയാണ്. സമാന രീതിയിൽ പൊരുതി നേടിയൊരു സമനിലയായിരുന്നു പതിനാല് വയസ്സിൽ താഴെയുള്ളവർക്കായുള്ള ടൂർണ്ണമെൻ്റിൽ തമിഴ്നാടിനെതിരെ കേരളത്തിൻ്റെ കൌമാരക്കാർ സ്വന്തമാക്കിയത്.ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്നാം ഇന്നിങ്സിൽ വെറും 104 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്നാട് 313 റൺസെടുത്തു. സെഞ്ച്വറി നേടിയ വി എസ് കൌശിക്ക് ആയിരുന്നു തമിഴ്നാടിൻ്റെ ടോപ് സ്കോറർ. 209 റൺസിൻ്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിലും നേരിട്ടത് ബാറ്റിങ് തകർച്ച. മുൻനിര ബാറ്റർമാർ ചെറിയ സ്കോറുകൾക്ക് പുറത്തായപ്പോൾ പൊരുതി നിന്നത് ആറാമനായി ഇറങ്ങിയ തന്മയ് കുമാർ മാത്രം. വാലറ്റക്കാർക്കൊപ്പം ചേർന്ന് തന്മയ് ഉയർത്തിയ കൂട്ടുകെട്ടുകളാണ് മല്സരം സമനിലയിലാക്കാൻ കേരളത്തെ സഹായിച്ചത്. മല്സരം സമനിലയിൽ അവസാനിക്കുമ്പോൾ ഒൻപത് വിക്കറ്റിന് 202 റൺസെന്ന നിലയിലായിരുന്നു കേരളം. 78 റൺസെടുത്ത തന്മയ് പുറത്തായതിന് തൊട്ടു പിറകെയാണ് മല്സരം സമനിലയിൽ അവസാനിച്ചത്. 217 പന്തുകൾ നേരിട്ട് 14 ബൌണ്ടറികളുമായാണ് തന്മയ് 78 റൺസെടുത്തത്.
മല്സരശേഷം തമിഴ്നാട് താരമായ കൌശിക് ആയിരുന്നു പ്ലേയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ മികച്ച പ്രകടനവുമായി ടീമിന് സമനില സമ്മാനിച്ച തന്മയിന് പ്രത്യേക പുരസ്കാരം സമ്മാനിച്ച് തമിഴ്നാട് ടീമും സ്പോർട്സ് മാൻ സ്പിരിറ്റിൻ്റെ തിളങ്ങുന്ന ഉദാഹരണമായി. ബാറ്റിങ് മികവിനപ്പുറം തോൽവിക്ക് മുന്നിൽ നിന്ന് പൊരുതിക്കയറാനുള്ള തന്മയിൻ്റെ നിശ്ചയദാർഢ്യവും പ്രതിബദ്ധതയുമാണ് തമിഴ്നാട് ടീമിൻ്റെ സ്നേഹാദരങ്ങൾക്ക് കാരണമായത്. വ്യക്തിഗത മികവുകൾക്കപ്പുറം ക്രിക്കറ്റ് ഉയർത്തിപ്പിടിക്കുന്ന യഥാർത്ഥ മൂല്യങ്ങളുടെ മനോഹരമായ ഓർമ്മപ്പെടുത്തൽ കൂടിയായി കൌമാരക്കാരുടെ ടൂർണ്ണമെൻ്റിലെ കേരള – തമിഴ്നാട് പോരാട്ടം.
content highlight : Kerala’s young star Tanmay Kumar earned the respect of the opposing team