Travel

ഏരിയ 51ൽ പ്രകമ്പനം , ദുരൂഹ സൈനിക കേന്ദ്രത്തിൽ സംഭവിക്കുന്നതെന്ത്? | area-51-conspiracy-theories

അത്യാധുനിക വിമാന പരീക്ഷണവുമൊക്കെയാണെന്ന വാദങ്ങൾ പ്രചരിക്കാൻ തുടങ്ങി

ലോകത്തിലെ ഏറ്റവും നിഗൂഢമായ പ്രദേശം ഏതാണെന്ന ചോദ്യത്തിന് സൈബര്‍ ലോകത്ത് മുഴങ്ങുന്ന ഒരേ ഒരു ഉത്തരമാണ് ഏരിയ 51. 1950 മുതലാണ് അമേരിക്കയിലെ നെവാഡയില്‍ സ്ഥിതി ചെയ്യുന്ന ഈ തന്ത്രപ്രധാന പ്രദേശം ദുരൂഹതാ വാദക്കാരുടെ ഇഷ്ട ഇടമായത്. ഈ പ്രദേശത്തെ ചെറിയ ചലനങ്ങൾ പോലും,അതൊരു സാധാരണ ഭൂചലനമാണെങ്കിൽപോലും വലിയ ഊഹാപോഹങ്ങൾക്കിടയാക്കും.ഇപ്പോൾ സൈനിക കേന്ദ്രത്തിൽനിന്നും ഏതാനും കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളിൽ ഭൂകമ്പം ഉണ്ടായതോടെ യുഎഫ്ഒ ആക്രമണങ്ങളും, അത്യാധുനിക വിമാന പരീക്ഷണവുമൊക്കെയാണെന്ന വാദങ്ങൾ പ്രചരിക്കാൻ തുടങ്ങി. ഇതോടെ ഇത് സാധാരണ ഒരു ഭൂകമ്പമായിരുന്നെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

2.5 തീവ്രത മാത്രം രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായവും നാശനഷ്ടങ്ങളും ഒന്നും റിപ്പോർ‌ട്ട് ചെയ്തിട്ടില്ല. അതേസമയം നാഷണൽ പാർക്ക്സ് സർവീസിന്റെ കണക്കനുസരിച്ച്, യുഎസിലെ ഏറ്റവും ഭൂകമ്പ മേഖലകളിലൊന്നാണ് നെവാദ. ഇവിടെ പ്രതിവർഷം ആയിരക്കണക്കിന് സൂക്ഷ്മ ഭൂകമ്പങ്ങൾ സംഭവിക്കുന്നുണ്ട്. ലോകത്തിന് വളരെ കുറച്ച് മാത്രം വിവരങ്ങള്‍ അറിയാവുന്ന അമേരിക്കന്‍ സൈന്യത്തിന്റെ പരീക്ഷണ കേന്ദ്രമായാണ് ഏരിയ 51 അറിയപ്പെടുന്നത്. 1955 മുതല്‍ സജീവമെങ്കിലും ഏരിയ 51 ഉണ്ടെന്ന് അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചത് 2013ല്‍ മാത്രമാണ്.നെവാദയിലൂടെ പോകുന്ന സ്‌റ്റേറ്റ് ഹൈവേ 375ല്‍ നിന്നും ഉള്ളിലേക്കു പോകുന്ന ഒരു മണ്‍പാതയുണ്ട്.

സാധാരണ യാത്രക്കാരാരും ശ്രദ്ധിക്കുക പോലും ചെയ്യാത്ത ഈ പാതയുടെ അവസാനത്തിലാണ് ഏരിയ 51ലേക്കുള്ള കവാടം. കണ്ണെത്താ ദൂരത്തോളം മുള്‍ച്ചെടികളും പാറക്കല്ലുകളും നിറഞ്ഞ ഭൂപ്രദേശം. ഫോണ്‍ റേഞ്ചില്ലാത്ത ജിപിഎസ് ലഭിക്കാത്ത കിലോമീറ്ററുകള്‍ അകലെ മാത്രം പെട്രോള്‍ പമ്പുകളുള്ള ഈ പ്രദേശത്തിലൂടെ ഏരിയ 51ലേക്ക് വഴികാണിക്കുന്ന ബോര്‍ഡുകളൊന്നും കണ്ടെത്താനായെന്നു വരില്ല. ഭൂപടത്തില്‍ ഈ പ്രദേശത്തെ രേഖപ്പെടുത്തിയിരിക്കുന്ന പേരാണ് ഏരിയ 51.

STORY HIGHLIGHTS:  area-51-conspiracy-theories