കോഴിക്കോട്: കേരളത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ട് ശശി തരൂരിൻ്റെ നിലപാട് തള്ളിയ പ്രതിപക്ഷ നേതാവിനെ പേരെടുത്ത് പറയാതെ വിമർശിച്ച് മുഖ്യമന്ത്രി. കാര്യങ്ങൾ കൃത്യമായി മനസിലാക്കുന്ന ഒരു നേതാവ് കേരളത്തിൻ്റെ മുന്നേറ്റം നല്ലതെന്ന് അഭിപ്രായപ്പെട്ടപ്പോൾ കേരളത്തിലെ മന്ത്രി തുല്യനായ ആൾ നിഷേപ സൗഹൃദമൊന്നുമല്ല എന്നാണ് പ്രതികരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. കേരളത്തിലെ വികസനം ഉണ്ടായി എന്നത് വസ്തുതയാണ്. രാജ്യത്തെ സ്റ്റാർട്ടപ്പ് ശക്തിപ്പെട്ടെന്ന് ഒരു നേതാവ് പറഞ്ഞു. അത് സത്യമല്ലേ. നാട്ടിലെ നേട്ടങ്ങളെ അംഗീകരിക്കുമ്പോൾ എൽഡിഎഫിനെ അംഗീകരിക്കുന്നു എന്നാണോ വരിക. നാടിന്റെ നേട്ടങ്ങൾക്കൊപ്പം നിൽക്കാൻ ഇവർക്ക് കഴിയുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയനാടിനുള്ള വായ്പ സ്വീകരിക്കും
സംസ്ഥാനത്തെ സഹായിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. വായ്പ നൽകാമെന്ന് പറഞ്ഞു. അത് സ്വീകരിക്കും. വായ്പയല്ല, സഹായമാണ് കേരളം ആവശ്യപ്പെടുത്തത്. നമ്പർ വൺ എന്ന് കേന്ദ്രം കേരളത്തെ വിശേഷിപ്പിച്ചിട്ടും സഹായം മാത്രം നൽകുന്നില്ല. കേരളം എന്ന നിലയിൽ ശക്തമായി തന്നെ സഹായത്തിനായി ആവശ്യപ്പെടുമെന്നും അദ്ദേഹം കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കോഴിക്കോട് പറഞ്ഞു.
ആർഎസ്എസിനെതിരെ മുഖ്യമന്ത്രി
മതനിരപേക്ഷതയെ രാജ്യത്ത് ആർഎസ്എസ് തള്ളി പറയുന്നു. ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്നു, ആക്രമിക്കുന്നു. ഇതിന് കേന്ദ്രം സഹായം നൽകുന്നു. ഏറ്റവും കൂടുതൽ ആക്രമണത്തിന് ഇരയാവുന്നത് മുസ്ലീങ്ങളാണ്. കൈസ്തവ വിഭാഗങ്ങളും ആക്രമണത്തിന് ഇരയാവുന്നുണ്ട്.
അധ്യാപകരോട് മുഖ്യമന്ത്രി പറഞ്ഞത്
ചില കുട്ടികൾ പഠനത്തിൽ വലിയ നിലയിൽ ഉള്ളവർ ആവില്ല. അവർക്ക് അധ്യാപകർ പരിഗണന നൽകണം. ഒരു വിദ്യാർത്ഥിയും പുറകോട്ട് പോകരുത്. പഠിപ്പിക്കാൻ പറഞ്ഞ കാര്യങ്ങൾ മാത്രം പഠിപ്പിച്ച് പോകരുത്. ഓരോ വിദ്യാർത്ഥിക്കും ആവശ്യമെങ്കിൽ പ്രത്യേക പരിഗണന നൽകണം. ഇത് വിദ്യാഭ്യാസ രംഗത്ത് വലിയ ഉയർച്ച ഉണ്ടാക്കും. കുട്ടികൾക്ക് എന്ത് ശേഷി ഉണ്ടെന്ന് അധ്യാപകർ മനസിലാക്കണം.
ലഹരി വിമുക്ത വിദ്യാലയം
ഒരുപാട് നല്ല കാര്യങ്ങൾ നടക്കുമ്പോഴും ചില കെട്ടകാര്യങ്ങൾ ഉണ്ട് . മയക്കുമരുന്നിൻ്റെ ആപത്ത് നേരിടുന്നുണ്ട്. ഡ്രഗ് മാഫിയയാണ് യഥാർത്ഥ മാഫിയ. ലോകത്തെ ചില രാജ്യങ്ങളെ അട്ടിമറിക്കാൻ പോലും ഈ മാഫിയക്ക് ശേഷിയുണ്ട്. ഇവരാണ് കുട്ടികളെ ലക്ഷ്യം വെക്കുന്നത്. നിർഭാഗ്യവശാൽ ചില കുട്ടികൾ ഇവരുടെ പ്രലോഭനങ്ങളിൽ പെടുന്നു. ഇതിൽ ലിംഗ വ്യത്യാസമില്ല. കാര്യ ക്ഷമമായി ഇടപെടുമ്പോഴും ഇത് വർധിച്ച് വരുന്നു. ഇത് തിരുത്തിക്കാൻ അധ്യാപകരുടെ ഭാഗത്ത് നിന്ന് ഇടപെടൽ വേണം. സമചിത്തതയോടെ ഇടപെടണം. കുട്ടികൾക്ക് അപമാനം ഉണ്ടാകുന്ന രീതിയിൽ ഇടപെടരുത്. കുട്ടികളുടെ രക്ഷിതാക്കളോടും സംസാരിക്കണം. അവരുടെ അഭിമാനത്തിന് കോട്ടം വരാത്ത രീതിയിലാവണം ഇടപെടേണ്ടത്. മറ്റ് ഏജൻസികളും ഇക്കാര്യത്തിൽ സഹായിക്കും. അടുത്ത അധ്യയന വർഷത്തെ പ്രധാന ക്യാമ്പയിൻ ലഹരി വിമുക്ത വിദ്യാലയം എന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
content highlight : cm-pinarayi-vijayan-indirectly-criticises-leader-of-opposition-vd-satheesan