കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിലെ ഒരു വീട്ടിൽ നിന്ന് മൂന്ന് പേരെ 135 ഗ്രാം എംഡിഎംഎയുമായി പൊലീസ് പിടികൂടി. മഹേഷ്, അർജുൻ, റെനീസ് എന്നിവരാണ് അറസ്റ്റിലായത്. വിൽപ്പനക്കായി എംഡിഎംഎ ചെറു പാക്കറ്റുകളാക്കുന്നതിനിടെയാണ് മയക്കുമരുന്ന് സംഘത്തെ പൊലീസ് പിടികൂടിയത്.
ചക്കരക്കൽ മണിയൻ ചിറയിൽ റോഡരികിൽ തന്നെയുളള മഹേഷ് എന്നയാളുടെ വീട്ടിലായിരുന്നു വലിയ അളവിൽ എംഡിഎംഎ സൂക്ഷിച്ചത്. രഹസ്യ വിവരം കിട്ടിയ ചക്കരക്കൽ സിഐ ആസാദും സംഘവും ഒപ്പം എക്സൈസുമാണ് പരിശോധനക്കെത്തിയത്. വീട്ടിലുണ്ടായിരുന്ന മഹേഷിനെയും അർജുൻ,റെനീസ് എന്നിവരെയും ഇവിടെ വച്ച് തന്നെ പിടികൂടി. 135.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പതിനഞ്ച് ഗ്രാം വീതമുളള ചെറുപാക്കറ്റുകളിലേക്ക് എംഡിഎംഎ മാറ്റുകയായിരുന്നു മൂന്ന് പേരും.
കണ്ണൂർ ആറ്റടപ്പ സ്വദേശികളായ അർജുനും റെനീസും ഇതിനായാണ് മണിയൻചിറയിലുള്ള മഹേഷിന്‍റെ വീട്ടിലെത്തിയത്. അമ്മ മാത്രമാണ് ഇയാളുടെ വീട്ടിൽ താമസം. പതിവായി പരിചയമില്ലാത്തവർ വീട്ടിലെത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിലുമുണ്ടായിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലുൾപ്പെട്ടവരാണ് പ്രതികൾ. പിടിയിലായവർക്കെതിരെ നേരത്തെയും ലഹരിക്കേസുകളുൾപ്പെടെയുണ്ട്.
content highlight : kannur-3-arrested-with-135-gram-mdma