കൊച്ചി: പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ മോഹൻ ബഗാനോട് ഏകപക്ഷീയമായ മൂന്ന് ഗോളിന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. സ്വന്തം മൈതാനത്താണ് ബ്ലാസ്റ്റേഴ്സ് വമ്പൻ തോൽവി വഴങ്ങിയത്. ആദ്യ പകുതിയിൽ ജാമി മക്ലാരൻ (28, 40) മിനിറ്റുകളിൽ നേടിയ ഇരട്ട ഗോളിന്റെയും 60-ാം മിനിറ്റിൽ ആൽബർട്ടോ റോഡ്രിഗസ് നേടിയ ഗോളിന്റെയും കരുത്തിലാണ് മോഹൻ ബഗാൻ വിജയിച്ചത്. മത്സരത്തിൽ ഏറെ നേരം പന്ത് കൈവശം വെച്ചത് കേരള ബ്ലാസ്റ്റേഴ്സായിരുന്നു. 67 ശതമാനമായിരുന്നു ബോൾ പൊസെഷൻ. എന്നാൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കാനോ ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാനോ സാധിച്ചില്ല.
അതേസമയം, പന്ത് കാലിൽ കുരുത്തപ്പോഴൊക്കെ മോഹൻ ബഗാൻ താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ മേഖലയിൽ അപകടം വിതച്ചു. 13 ഷോട്ടുകളിൽ നാലെണ്ണം ടാർഗറ്റിലേക്കും അതിൽ മൂന്നെണ്ണം ഗോളിലും കലാശിച്ചു. അതേസമയം, ബ്ലാസ്റ്റേഴ്സാകട്ടെ രണ്ട് ഷോട്ടുകൾ മാത്രമാണ് ഗോളിലേക്ക് പായിച്ചത്. പരാജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യതകൾ അവസാനിച്ച മട്ടാണ്.
20 കളികളിൽ നിന്ന് 24 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഏഴ് കളികൾ ജയിച്ചപ്പോൾ 10 എണ്ണം തോറ്റു. 21 കളികളിൽ നിന്ന് 49 പോയിന്റുമായി മോഹൻ ബഗാൻ പട്ടികയിൽ ഒന്നാമതാണ്. ബംഗാൾ ടീം സെമി ഉറപ്പിക്കുകയും ചെയ്തു.
content highlight : mohun-bagan-beats-kerala-blasters-3-0