ചാലക്കുടി: പോട്ടയിലെ ഫെഡറൽ ബാങ്കിൽ നിന്നു 15 ലക്ഷം രൂപ കവർന്നു കടന്നുകളഞ്ഞ മോഷ്ടാവ് കാണാമറയത്തു തന്നെ. ഒറ്റയ്ക്കു സ്കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ 6 ജീവനക്കാരെ കത്തിമുനയിൽ ബന്ദിയാക്കി നിർത്തി പണവുമായി കടന്നുകളഞ്ഞ ആളെക്കുറിച്ചു സൂചന പോലും ലഭിച്ചിട്ടില്ലെന്നു പൊലീസ് പറയുന്നു. 4 സംഘമായി തിരിഞ്ഞു പ്രത്യേക അന്വേഷണ സംഘം പല ജില്ലകളിലായി തിരച്ചിൽ തുടരുമ്പോഴും സ്കൂട്ടറും കള്ളനും പിടികൊടുക്കാതെ ഒളിവിൽ തുടരുന്നു.
ഹെൽമറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി കാഷ് കൗണ്ടർ തകർത്ത് 15 ലക്ഷം രൂപ തട്ടിയെടുത്തു 3 മിനിറ്റിൽ സ്ഥലം കാലിയാക്കിയ മോഷ്ടാവ് സഞ്ചരിച്ച സ്കൂട്ടർ തൃശൂർ, എറണാകുളം ജില്ലകളിൽ പല ഭാഗത്തു കണ്ടുവെന്നു പറയുന്നുണ്ടെങ്കിലും ആധികാരികമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയെത്തി കവർച്ച നടത്തി മുങ്ങിയ പ്രതിയെ പിടികൂടാൻ ശാസ്ത്രീയ മാർഗങ്ങളുപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണെന്നു റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ പറഞ്ഞു.
ബാങ്ക് കവർച്ചാക്കേസുകൾ അന്വേഷിച്ചു പരിചയമുള്ള ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കും. ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷിന്റെ നേതൃത്വത്തിൽ 25 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ചും സിസിടിവി ക്യാമറകൾ പരിശോധിച്ചും ഇടപാടുകാരെ നിരീക്ഷിച്ചുമൊക്കെയാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവദിവസം രാത്രി 11 വരെ ബാങ്ക് ജീവനക്കാരെ പുറത്തുപോകാൻ പൊലീസ് അനുവദിച്ചിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്നും അവധിയിലായിരുന്ന ഒരാളിൽ നിന്നും പലവട്ടം മൊഴിയെടുത്തു. മുഴുവൻ ജീവനക്കാരുടെയും മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ വീണ്ടുമെത്തി മൊഴി രേഖപ്പെടുത്തി.