ബെംഗളൂരു: മൈസൂരു ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ പാർവതിക്കും ലോകായുക്ത പൊലീസ് ക്ലിൻചിറ്റ് നൽകിയെന്ന് സൂചന. മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ലേഔട്ട് വികസനത്തിനായി പാർവതിയിൽ നിന്നു 3.16 ഏക്കർ ഭൂമി ഏറ്റെടുത്തതിനു പകരം 14 സൈറ്റുകൾ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന കേസാണിത്. അന്വേഷണ സംഘത്തിനു നേതൃത്വം നൽകിയ മൈസൂരു ലോകായുക്ത എസ്പി കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. മുഡ ജീവനക്കാരാണ് ക്രമക്കേടിനു വഴിയൊരുക്കിയതെന്നും ഭൂമി കൈമാറുന്നതിനായി സിദ്ധരാമയ്യ സമ്മർദം ചെലുത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ടെന്നാണു സൂചന.