തൃശൂർ: മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ പിടികൂടുന്നതിനുള്ള കുങ്കിയാനയെ അതിരപ്പിള്ളിയില്‍ എത്തിച്ചു. വയനാട്ടില്‍ നിന്ന് ഭരത് എന്ന കുങ്കിയാനയെയാണ് എത്തിച്ചത്. കാട്ടാനയെ ബുധനാഴ്ച മയക്കുവെടിവയ്ക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചു. വനംവകുപ്പ് കാട്ടാനയെ നിരീക്ഷിച്ച് വരികയാണ്. കാട്ടാന തീറ്റയും വെള്ളവും എടുക്കുന്നുണ്ടെങ്കിലും ക്ഷീണം ഉള്ളതായാണ് കാണുന്നത്.
ശനിയാഴ്ച രാവിലെ കാലടി പ്ലാന്റേഷന്‍ വെറ്റിലപ്പാറ ഏഴാറ്റുമുഖം റോഡില്‍ നിലയുറപ്പിച്ച കാട്ടാന ഗതാഗതം തടസപ്പെടുത്തിയിരുന്നു. മയക്കുവെടിവച്ച് പിടിച്ചശേഷം ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും. കോടനാട് അഭയാരണ്യ കേന്ദ്രത്തില്‍ കൂടിന്റെ നിര്‍മാണത്തിനു വേണ്ടി ദേവികുളം ഫോറസ്റ്റ് ഡിവിഷനില്‍ നിന്ന് യൂക്കാലിമരങ്ങള്‍ മുറിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ആന ജനവാസമേഖലയിലേക്ക് നീങ്ങുന്നതും ആശങ്കയാണ്. പതിനെട്ടാം ബ്ലോക്കിലെ ക്വാര്‍ട്ടേഴ്സുകള്‍ക്ക് പിറകിലുള്ള തോട്ടില്‍ ചെളിവാരി ശരീരത്തേക്ക് എറിഞ്ഞ് മണിക്കൂറുകളോളം നിന്നു. തൊഴിലാളികള്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് പ്ലാന്റേഷന്‍ എണ്ണപ്പനത്തോട്ടത്തിലേക്ക് കയറിപ്പോയി. ആനയെ മയക്കുവെടിവച്ച് ചികിത്സിക്കുക റിസ്‌കാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.എങ്കിലും ചികിത്സ നല്‍കാന്‍ തന്നെയാണ് വനം വകുപ്പിന്റെ തീരുമാനം. നേരത്തേ മയക്കിയശേഷം മുറിവില്‍ മരുന്നു വച്ചിരുന്നെങ്കിലും മുറിവ് പഴുത്ത് പുഴുവരിച്ചനിലയില്‍ ആനയെ കണ്ടെത്തുകയായിരുന്നു.