കോട്ടയം: കോട്ടയത്ത് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പാലാ ചക്കാമ്പുഴ സ്വദേശി സെബിൻ ടോമിയാണ് മരിച്ചത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സെബിൻ ടോമി.
പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, വയറുവേദന, വയറിളക്കം, മൂത്രത്തിലെ നിറ വ്യത്യാസം എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളാണ്. ശുചിത്വമില്ലാത്ത വെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം പ്രധാനമായി പിടിപെടുന്നത്. ശീതള പാനീയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവയിൽ ചേർക്കുന്ന വെള്ളം ശുദ്ധമല്ലാത്തതും മഞ്ഞപ്പിത്തം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
എന്താണ് മഞ്ഞപ്പിത്തം?
കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ്). മഞ്ഞപ്പിത്തം എ, ഇ വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നു.
ശരീരത്തിൽ വൈറസ് പ്രവർത്തിക്കുന്നത് മൂലം കരളിലെ കോശങ്ങൾ നശിക്കുകയും കരളിന്റെ പ്രവർത്തനം തകരാറിലാവുകയും ചെയ്യുന്നു ഇതിനാൽ മഞ്ഞ നിറത്തിലുള്ള ബിലിറൂബിന്റെ അംശം രക്തത്തിൽ കൂടുകയും മഞ്ഞപ്പിത്തത്തിലേക്കു നയിക്കുകയും ചെയ്യുന്നു.
ഹെപ്പറ്റൈറ്റിസ്-എ, ഇ വൈറസ് ബാധ മലിനമായതോ അല്ലെങ്കിൽ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പർക്കം എന്നിവ വഴി വളരെ വേഗം പകരുന്നു. രോഗബാധിതനായ ഒരാൾ കുടുംബാംഗങ്ങൾക്ക് ഭക്ഷണം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പർക്കം പുല ർത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. രോഗിയെ ശുശ്രൂഷിക്കുന്നവർ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. മലിനമായ കൈകളിലൂടെയും മറ്റും രോഗാണുക്കൾ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതു വഴി രോഗം പകരുന്നു. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.