വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പ്യൂട്ടിംഗിന്റെ റെസിപ്പി നോക്കിയാലോ? രുചികരമായ ബൂസ്റ്റ് പുഡ്ഡിംഗ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ബൂസ്റ്റ് – 3 ചെറിയ പാക്കറ്റ്
- പാൽ 1/2 ലിറ്റർ
- പഞ്ചസാര – 1/4 കപ്പ്
- കണ്ടൻസ്ഡ് മിൽക്ക് – മധുരത്തിന്
- ചൈന ഗ്രാസ് – 100 ഗ്രാം
തയാറാക്കുന്ന വിധം
ഒരു പാനിൽ അര ലിറ്റർ പാൽ എടുത്ത് അതിലേക്ക് രണ്ട് ചെറിയ പാക്കറ്റ് ബൂസ്റ്റ് ചേർത്തിളക്കുക. അഞ്ച് രൂപയുടെ രണ്ട് പാക്കട്ടോളം ബൂസ്റ്റ് മതിയാകും. ഇതിലേക്ക് എടുത്തുവെച്ചിരിക്കുന്ന കാൽ കപ്പ് പഞ്ചസാര നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മീഡിയം ഫ്ലെയിമിൽ ചൂടാക്കാൻ വെക്കുക. ചൂടായി വരുന്ന പാൽ – ബൂസ്റ്റ് മിശ്രിതത്തിലേക്ക് ടേസ്റ്റിനായി രണ്ടോ, മൂന്നോ ടേബിൾസ്പൂൺ കണ്ടൻസ്ഡ് മിൽക്ക് ചേർത്തിളക്കുക. ഇതും നന്നായി പാലിൽ അലിയണം.
പ്രത്യേകം ശ്രദ്ധിക്കേണ്ടത് പാൽ നന്നായി ചൂടായാൽ മാത്രം മതി, തിളക്കേണ്ടതില്ല. ഇനി 100 ഗ്രാം ചൈന ഗ്രാസ് അൽപം വെള്ളത്തിൽ അലിയിപ്പിച്ചെടുക്കുക. ഇത് ചൂടായ പാലിൽ ചേർത്ത് യോജിപ്പിക്കുക. ഇനി ഈ മിശ്രിതം ഇഷ്ടമുള്ള ആകൃതിയിലുള്ള പാത്രത്തിലൊഴിച്ച് തണുപ്പിക്കാൻ വെക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഫ്രിഡ്‌ജിൽ വെച്ച് തണുപ്പിക്കണം. ഇതിനുശേഷം പുഡ്ഡിംഗ് പുറത്തെടുത്ത് അതിനുമുകളിലേക്ക് ആവശ്യമെങ്കിൽ കുറച്ചുകൂടി ബൂസ്റ്റ് വിതറി ഭംഗിയാക്കാം.