Kerala

തരൂർ അഭിനന്ദിച്ചതിന് എന്ത് പുകിലാണുണ്ടായത്, കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി | Pinarayi Vijayan

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ മേഖലയിലെ വളർച്ചയെ പ്രകീർത്തിച്ച‌ ശശി തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ പുരോഗതിയെക്കുറിച്ച് കോൺഗ്രസ് നേതാവായ ശശി തരൂർ ഒരു ലേഖനത്തിലൂടെ അനുമോദിക്കുകയാണ് ചെയ്തത്. രണ്ട് കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനത്തിന്‍റെ പുതു പുരോഗതി, കേരളം സ്റ്റാർട്ടപ്പ് മേഖലയിൽ ലോകത്ത് തന്നെ മുന്നിൽ, നിക്ഷേപ സൗഹൃദത്തിൽ കേരളം മുന്നിലെത്തി എന്നും തരൂർ പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനന്ദനം എന്ത് പുകിലാണ് കോൺ​ഗ്രസിലുണ്ടാക്കിയതെന്നും കോൺ​ഗ്രസ് വസ്തുത മറയ്ച്ചു പിടിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.

കോൺഗ്രസുകാർ സ്ഥാപിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ പൊളിഞ്ഞു പോവുകയാണുണ്ടായത് എന്നും പിണറായി വിജയൻ വിമർശിച്ചു. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന നിലപാട് സ്വീകരിക്കാൻ പ്രതിപക്ഷ നേതാവിന് എങ്ങനെയാണ് കഴിയുന്നത്. നാടിൻ്റെ മേൻമ അംഗീകരിക്കാൻ അവർക്ക് കഴിയുന്നില്ല. നാടിനെ ശത്രുതയോടെ കാണുകയാണ്. നിങ്ങൾ എൽഡിഎഫിനെ ശത്രുതയോടെ കണ്ടോളൂ, പക്ഷേ നാടിനെ ശത്രുതയോടെ കാണുന്നതെന്തിനാണ് എന്ന് മുഖ്യമന്ത്രി ചോദിച്ചു.

നാടിൻറെ മുന്നേറ്റത്തിൽ ഒപ്പം നിൽക്കാൻ യുഡിഎഫും കോൺഗ്രസും തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെതിരെ ജാഗ്രതയോടെ മുന്നോട്ട് പോവണം. സംസ്ഥാനം നേടിയ പൊതു പുരോഗതി, ഐ ടി സ്റ്റാർട്ട് അപ്പ് രംഗത്തെ നേട്ടം ഇവ ചൂണ്ടികാട്ടിയാണ് തരൂർ കേരളത്തെ പ്രശംസിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.