പുതിയ CBR650R സ്പോർട്‍സ് ബൈക്കിന്റെ വിതരണം ഇന്ത്യൻ വിപണിയിൽ ആരംഭിച്ച് ഹോണ്ട. 9.99 ലക്ഷം രൂപയാണ് ഈ മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില. ഹോണ്ടയുടെ ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴി മാത്രമാണ് ഇത് വിൽക്കുന്നത്. ലൈനപ്പ് വിപുലീകരിക്കുന്നതിനായി കൂടുതൽ മിഡിൽവെയ്റ്റ് മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാനുള്ള കമ്പനിയുടെ പദ്ധതി പ്രകാരമാണ് CBR650R ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.
2025 CBR650R-ൽ 649 സിസി, ലിക്വിഡ്-കൂൾഡ്, ഇൻലൈൻ ഫോർ-സിലിണ്ടർ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. ഈ പവർട്രെയിൻ 12,000 rpm-ൽ 93.8 bhp കരുത്തും 9,500 rpm-ൽ 63 Nm ടോർക്കും പുറത്തെടുക്കും. കൂടാതെ അസിസ്റ്റും സ്ലിപ്പർ ക്ലച്ചും ഉൾക്കൊള്ളുന്ന 6-സ്പീഡ് ട്രാൻസ്മിഷനുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. ഹോണ്ട CBR650R-ൽ സ്റ്റീൽ ഡയമണ്ട് ഫ്രെയിമാണ് ഉപയോഗിച്ചിരിക്കുന്നത്.
മുന്നിൽ 41 mm ഷോവ സെപ്പറേറ്റ് ഫംഗ്ഷൻ ബിഗ് പിസ്റ്റൺ ഫോർക്കുകളും പിന്നിൽ 10 സ്റ്റെപ്പുകൾ ക്രമീകരിക്കാവുന്ന മോണോഷോക്കും സസ്പെൻഡ് ചെയ്തിട്ടുണ്ട്. മുന്നിൽ ഇരട്ട 310 mm ഡിസ്കുകളും പിന്നിൽ 240 mm ഡിസ്കും ആണ് ബ്രേക്കിംഗ്. ഹോണ്ട CB650R- ൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുതിയ 5 ഇഞ്ച് TFT സ്‌ക്രീൻ സജ്ജീകരിച്ചിരിക്കുന്നു.
ഏറ്റവും പുതിയ ഹോണ്ട CBR650R ലിറ്റർ ക്ലാസ് CBR1000RR ഫയർബ്ലേഡിനോട് സാമ്യം പുലർത്തുന്നതാണ്. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾക്കൊപ്പം പൂർണ്ണമായ ഫെയറിംഗും ഈ മോട്ടോർസൈക്കിളിന്റെ സവിശേഷതയാണ്. ഡിസൈൻ കൂടുതൽ സ്‍പോർട്ടിയായി മാറിയിരിക്കുന്നു, കൂടുതൽ ആംഗുലർ ഫെയറിംഗ് പ്രദർശിപ്പിക്കുന്നു, അതേസമയം പിൻഭാഗം കൂടുതൽ ഷാർപ്പായിട്ടുള്ള രൂപം നൽകുന്നതിനായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.