Tech

വാട്‌സ്ആപ്പിൽ ഇനിമുതൽ ചാറ്റ് തീമുകളും വാള്‍പേപ്പറും മാറ്റാം, പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം!

വീഡിയോ കോള്‍ ബാക്ക്‌ഗ്രൗണ്ട്, ഫില്‍ട്ടറുകള്‍, ഇവന്‍റ് ഷെഡ്യൂള്‍ അടക്കമുള്ള പുത്തന്‍ ഫീച്ചറുകള്‍ വാട്‌സ്ആപ്പിലേക്ക് വന്നിരുന്നു. ഇപ്പോഴിതാ ചാറ്റ് തീമുകളും പശ്ചാത്തലവും മാറ്റാന്‍ കഴിയുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഉടൻ തന്നെ ആഗോളതലത്തിലുള്ള എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് വിവരം.

വാട്‌സ്ആപ്പില്‍ മെറ്റ ചാറ്റ് തീമുകളും ചാറ്റ് ബാക്ക്‌ഗ്രൗണ്ടുകള്‍ക്കായി വാള്‍പേപ്പറുകളും അവതരിപ്പിച്ചു. പ്രീ-സെറ്റ് തീമുകള്‍ക്കും പശ്ചാത്തലങ്ങള്‍ക്കും പുറമെ ക്യാമറ റോളില്‍ നിന്ന് ഒരു ബാക്ക്‌ഗ്രൗണ്ട് തെരഞ്ഞെടുത്ത് ആഡ് ചെയ്യാനും കഴിയും.

വര്‍ണാഭമായ കളര്‍ പാറ്റേണില്‍ ഓരോ ചാറ്റിലും ഇത്തരത്തില്‍ വാള്‍പേപ്പറുകള്‍ നല്‍കാനാകും. ഇത് വാട്‌സ്ആപ്പ് ചാറ്റ് ഇന്‍റഫേസ് കൂടുതല്‍ വ്യക്തിഗതമാക്കാൻ സഹായിക്കും. വാട്‌സ്ആപ്പ് നല്‍കുന്ന പ്രീ-സെറ്റ് കളര്‍ തീമുകള്‍ക്ക് പുറമെ ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കസ്റ്റമൈസ്ഡ് കളര്‍തീമുകള്‍ നല്‍കാനും സാധിക്കും.

നിലവില്‍ മെറ്റയുടെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ്‌ തീമുകള്‍ ലഭ്യമാണ്. എന്നാല്‍ ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് വളരെ കുറച്ച് പ്രീ-സെറ്റ് തീമുകൾ മാത്രമാണ് ഇന്‍സ്റ്റയിലുള്ളത്. വാട്‌സ്ആപ്പ് ചാറ്റ് തീം മാറ്റുന്നതിനായി ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ വാട്‌സ്ആപ്പ് തുറക്കുക.

ഇതിന് ശേഷം സെറ്റിംഗില്‍ പ്രവേശിച്ച് ചാറ്റ്സ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിന് ശേഷം ഡിഫോള്‍ട്ട് ചാറ്റ് തീമില്‍ പ്രവേശിക്കുക. നിങ്ങളുടെ ആവശ്യമനുസരിച്ച് ചാറ്റ് തീം കസ്റ്റമൈസ് ചെയ്യാം.