വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് ‘ഛാവ’. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങിയത്.
ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആദ്യ രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്നും 60 കോടിയോളം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
31 കോടിയാണ് ഛാവ ആദ്യ ദിനം നേടിയത്. രണ്ടാം ദിവസമായ ഇന്നലെയും മികച്ച കളക്ഷൻ നേടാൻ സിനിമയ്ക്ക് സാധിച്ചു. 20.02 കോടിയാണ് സിനിമയുടെ രണ്ടാം ദിന കളക്ഷൻ. ഇതോടെ ഈ വർഷം ഏറ്റവും കൂടുതൽ ഓപ്പണിങ് നേടുന്ന ചിത്രമെന്ന റെക്കോർഡ് ഛാവ സ്വന്തമാക്കി. മഹാരാഷ്ട്രയിൽ നിന്നുമാണ് സിനിമയ്ക്ക് കൂടുതൽ കളക്ഷൻ ലഭിക്കുന്നത്.
130 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമ വൈകാതെ 100 കോടി ക്ലബ്ബിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഡിസംബർ ആറിനായിരുന്നു ചിത്രം ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുഷ്പ 2 വിന്റെ റിലീസിനോട് അനുബന്ധിച്ച് ഛാവയുടെ റിലീസ് മാറ്റിയത് വലിയ വാർത്തയായിരുന്നു.
രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രശ്മികയും വിക്കിയും ഒന്നിച്ചുള്ള പ്രൊമോഷനുകൾ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. വിക്കിയുടെ കരിയറിലെ തന്നെ നിർണായകമായ ചിത്രങ്ങളിൽ ഒന്നാണ് ഛാവ. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
നേരത്തെ ചിത്രത്തിലെ വിക്കി കൗശലും രശ്മിക മന്ദാനയും അവതരിപ്പിക്കുന്ന ഡാൻസ് സീക്വൻസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
പിന്നാലെ ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്തുവെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. മഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സ്ത്രീ 2, മീമി, ലുക്കാ ചുപ്പി തുടങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് സിനിമകൾ നിർമിച്ചവരാണ് മഡോക്ക് ഫിലിംസ്.